ഖത്തറിലേക്ക് വരാന്‍ ആറുമാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും റിട്ടേണ്‍ ടിക്കറ്റും മാത്രം മതി: മറ്റു നിബന്ധനകളൊന്നുമില്ലെന്ന് ഖത്തര്‍

single-img
29 September 2017

ദോഹ: ഇന്ത്യയടക്കം 80 രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വിസയില്ലാതെ വരുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡെവലപ്‌മെന്റ് ഓഫീസര്‍ ഹസന്‍ അല്‍ ഇബ്രാഹിം പറഞ്ഞു. ആറുമാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും റിട്ടേണ്‍ ടിക്കറ്റുമല്ലാതെ മറ്റു നിബന്ധനകളൊന്നും ഇക്കാര്യത്തിലില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാരെ തിരിച്ചയക്കുന്ന സാഹചര്യത്തില്‍ വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെയും ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ധേഹം പറഞ്ഞതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിസയില്ലാതെ ഖത്തറിലെത്തുന്നവര്‍ 5000 റിയാലിനു തുല്യമായ പണം കയ്യില്‍ കരുതണമെന്ന നിബന്ധനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

80 രാജ്യങ്ങളിലെയും വിമാനത്താവളങ്ങളുമായും വിമാനക്കമ്പനികളുമായും സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാര്‍ തിരിച്ചയക്കപ്പെടുന്ന കാര്യം അല്‍ഭുതപ്പെടുത്തുന്നു. ഏതായാലും വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെയും ഖത്തറിലെ ഇന്ത്യന്‍ എംബസിയേയും അറിയിക്കുമെന്നും ഹസന്‍ അല്‍ ഇബ്രാഹിം പറഞ്ഞു.

ഇന്ത്യയുള്‍പ്പെടയുള്ള 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ലെന്ന അധികൃതരുടെ പ്രഖ്യാപനം വന്ന ശേഷം വിവിധ രാജ്യക്കാരായ സന്ദര്‍ശകര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി ഖത്തറിലേക്കെത്തുന്നുണ്ട്.

എന്നാല്‍ ഇപ്പോഴും കേരളത്തിലെ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ വിഭാഗം യാത്രക്കാരെ തിരിച്ചയക്കുന്നതായുള്ള പരാതികള്‍ വ്യാപകമാണ്.

ഖത്തര്‍ പ്രഖ്യാപിച്ച ആനുകൂല്യം ഉപയോഗപ്പെടുത്തിയുള്ള യാത്രക്ക് എത്തിയതാണെന്ന് പറയുന്നവരോട് 5,000 റിയാലിന് തുല്യമായ പണവും ഖത്തറിലെ ഹോട്ടല്‍ ബുക്കിങ്ങും കൈയിലുണ്ടോ എന്ന് ചോദിക്കുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ വിശദീകരണം