ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ കടകംപള്ളി സുരേന്ദ്രന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

single-img
29 September 2017

ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണു കടകംപള്ളിക്കെതിരെ പരാമര്‍ശം. വിവാദം ഒഴിവാക്കാന്‍ സ്വയം ശ്രമിക്കേണ്ടതായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

മന്ത്രി എന്ന നിലയില്‍ ക്ഷേത്രത്തില്‍ പോയതില്‍ തെറ്റില്ല. വഴിപാട് അടക്കമുള്ള കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിക്കു മുന്‍പും ദേവസ്വം മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. മുന്‍മന്ത്രിമാരുടെ മാതൃക പിന്തുടരണമെന്നും സമിതി നിര്‍ദേശിച്ചു. വിഷയത്തില്‍ ശ്രദ്ധക്കുറവുണ്ടായെന്നു കടകംപള്ളി യോഗത്തില്‍ സമ്മതിച്ചു.

അഷ്ടമി രോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പാര്‍ട്ടി നടപടിയില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിലുള്ള മന്ത്രിയുടെ വിശദീകരണം അംഗീകരിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നടപടി വേണ്ടെന്ന് തീരുമാനിച്ചത്.

വിഷയത്തില്‍ പാര്‍ട്ടി നേരത്തെ മന്ത്രിയോട് വിശദീകരണം തേടിയിരുന്നു. ദേവസ്വം മന്ത്രിയായ താന്‍ ക്ഷേത്രാചാരങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി വിശദീകരിച്ചിരുന്നു.