‘താമര തങ്ങള്‍ ചെയ്ത തെറ്റെന്ന്’ ഗുജറാത്തിലെ വ്യാപാരികള്‍: ചിത്രം ഷെയര്‍ ചെയ്ത അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്

single-img
29 September 2017

അഹമ്മദാബാദ്: ‘താമര തങ്ങള്‍ ചെയ്ത തെറ്റ്’ എന്ന് അച്ചടിച്ച ബില്ലിന്റെ ചിത്രം ഷെയര്‍ ചെയ്ത അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. ഷെയര്‍ ചെയ്ത ചിത്രം ഫേസ്ബുക്ക് നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നാരോപിച്ചാണ് മുഹമ്മദ് അനസ് എന്ന ഫ്രീലാന്‍സ് ജേണലിസ്റ്റിന്റെ അക്കൗണ്ട് 30 ദിവസത്തേക്ക് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്.

ഗുജറാത്തിലാണ് സംഭവം. ഷോപ്പിംഗിന് പോയപ്പോള്‍ കിട്ടിയ ബില്ലില്‍ താമര തങ്ങള്‍ ചെയ്ത തെറ്റ്’ എന്ന് അച്ചടിച്ചിരിക്കുന്നു. ഇത് കണ്ടപ്പോള്‍ രസകരമായി തോന്നിയ അനസ് അത് തന്റെ വാളില്‍ ബി.ജെ.പിയെ തെരഞ്ഞെടുത്തത് തെറ്റായിപോയെന്ന് വ്യാപാരികള്‍ വരെ സമ്മതിക്കുന്നു എന്ന തലക്കെട്ടോടെ ഷെയര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ രണ്ടുമണിക്കൂറുകള്‍ക്കു ശേഷം അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി കാണിച്ച് ഫേസ്ബുക്കില്‍ നിന്ന് നോട്ടിഫിക്കേഷന്‍ ലഭിക്കുകയായിരുന്നു. താന്‍ ഒന്നും ചെയ്തില്ലെന്നും ഒരു ഫോട്ടോ പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും അതില്‍ ഒരുതരത്തിലും ഫേസ്ബുക്ക് ചട്ടങ്ങളെ എതിര്‍ക്കുന്നില്ലെന്നും അനസ് പറയുന്നു.

ഇത് നാലാം തവണയാണ് അനസിന്റെ അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുന്നത്. ഞാന്‍ ഒരിക്കലും മോശമായിട്ടുള്ള ഒരു ഭാഷയും ഉപയോഗിച്ചിട്ടില്ല, എന്നാല്‍ ഗവണ്‍മെന്റിനെ വിമര്‍ശിച്ചുകൊണ്ടുള്ള സമാന പോസ്റ്റുകള്‍ നീക്കംചെയ്യുന്നു.

ഇത് ഫേസ്ബുക്ക് ഫാസിസമാണന്നും അദ്ദേഹം പറഞ്ഞു. അനസിന്റെ അക്കൗണ്ട് ബ്ലോക്കാക്കിയതിനെ തുടര്‍ന്ന് ഫേസ്ബുക്കിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.