ദിലീപേ.. പടം റിലീസായല്ലോയെന്ന് പോലീസുകാര്‍: അഴിയ്ക്കുള്ളില്‍ പുഞ്ചിരി സമ്മാനിച്ച് താരം

single-img
29 September 2017

ആലുവ: തന്റെ പുതിയ ചിത്രം ‘രാമലീല’ റിലീസ് ചെയ്ത സന്തോഷത്തില്‍ നടന്‍ ദിലീപ്. ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന താരത്തെ ജയില്‍ അധികൃതരാണ് ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയിച്ചത്. വിവരമറിഞ്ഞ് ദിലീപ് പുഞ്ചിരിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് കേന്ദ്രങ്ങളിലെ വിവരങ്ങള്‍ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ജയിലിലെത്തി അറിയിച്ചു. ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്ന് പ്രേക്ഷക പ്രതികരണത്തെക്കുറിച്ച ആശങ്കമൂലം പലതവണ മാറ്റിവെച്ച ശേഷമാണ് ചിത്രം ഇന്നലെ റിലീസ് ചെയ്തത്.

ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടന്നിരുന്നു. തിയറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ചിലയിടങ്ങളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ ആരാധകരുടെ നേതൃത്വത്തില്‍ പരിപാടികളും നടന്നു.