ദാവൂദ് ഇബ്രാഹിമിന്റെ രഹസ്യ കോഡുകള്‍ പുറത്തായി

single-img
29 September 2017

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി രഹസ്യങ്ങള്‍ കൈമാറാന്‍ ഉപയോഗിയ്ക്കുന്ന കോഡുകള്‍ പുറത്ത്. ദാവൂദ് ഇബ്രാഹിം രഹസ്യ സന്ദേശങ്ങള്‍ കൈമാറുന്നതിനായി ഉപയോഗിക്കുന്ന കോഡുകളില്‍ പ്രധാമനമന്ത്രി നരേന്ദ്രമോദിയുടെയും രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെയും പേരുകള്‍ ഉള്‍പ്പെടുന്നതായി ദാവൂദ് ഇബ്രാഹിമിന്റെ ഇളയസഹോദരന്‍ ഇക്ബാല്‍ കസ്‌കറാണ് പോലീസിനോട് വെളിപ്പെടുത്തിയത്.

ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ഇക്ബാല്‍ കസ്‌കറിനെ മുംബൈയിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഒളിവിലിരുന്ന് രഹസ്യ സന്ദേശങ്ങളിലൂടെയാണ് ഡി കമ്പനിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ദാവൂദ് ഇബ്രാഹിം നിയന്ത്രിക്കുന്നതെന്ന് വെളിപ്പെടുത്തിയ കസ്‌കര്‍ ഛോട്ടാ ഷക്കീലിനെ ‘മോദി’യെന്നും, കറാച്ചിയെ ‘ഡല്‍ഹി’യെന്നുമാണ് രഹസ്യ കോഡുകളില്‍ വിശേഷിപ്പിക്കുകയെന്നും പറഞ്ഞു.

ദാവൂദ് ഇബ്രാഹിമിനെ സൂചിപ്പിക്കാന്‍ ‘ബഡേ’ എന്ന വാക്കും പോലീസ് വാഹനത്തെ ‘ഡബ്ബാ’ എന്നുമാണ് വിളിക്കുകയെന്നും കസ്‌കര്‍ വെളിപ്പെടുത്തി. ഒരു ലക്ഷം രൂപയ്ക്ക് ‘ഏക് ഡബ്ബ’ എന്ന് നേരത്തെ ഉപയോഗിച്ചിരുന്ന കോഡ് ‘ഏക് പെട്ടി’ എന്നാക്കി മാറ്റി. ‘ഒരു കോടി രൂപയ്ക്ക് ‘ഏക് ഖോക’ എന്നതിന് പകരം ‘ഏക് ബോക്‌സ് ‘ എന്നാണ് ഇപ്പോള്‍ കോഡായി ഉപയോഗിക്കുന്നതെന്നും കസ്‌കര്‍ പൊലീസിനോട് പറഞ്ഞു.

ദാവൂദും മറ്റൊരു സഹോദരന്‍ അനീസ് ഇബ്രാഹീമും പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് കസ്‌കര്‍ നേരത്തെ പോലീസിനെ അറിയിച്ചിരുന്നു. 1986ലാണ് ദാവൂദ് ഇന്ത്യയില്‍ നിന്ന് കടന്നു കളഞ്ഞത്. 1993 മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ദാവൂദ് ഇബ്രാഹിം.

നിരവധി ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയെങ്കിലും ദാവൂദിനെ പിടികൂടി ഇന്ത്യയിലെത്തിക്കുന്നത് വിജയം കണ്ടില്ല. ദാവൂദ് പാകിസ്ഥാനില്‍ ഉണ്ടെന്ന് നിരവധി തവണ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പാകിസ്ഥാന്‍ ഇക്കാര്യം തുടര്‍ച്ചയായി നിഷേധിക്കുകയായിരുന്നു.