കാരറ്റെന്ന് കരുതി മക്ലാരന്‍ കാര്‍ കടിച്ചു തിന്നു: കഴുതയ്ക്ക് നാലര ലക്ഷം രൂപ പിഴയിട്ട് കോടതിയുടെ അപൂര്‍വമായ വിധി

single-img
29 September 2017


ബെര്‍ലിന്‍: കാരറ്റെന്ന് കരുതി ഓറഞ്ച് നിറമുള്ള മക്ലാരന്‍ സ്‌പൈഡര്‍ കാറില്‍ കടിച്ച് കേടുപാടുണ്ടാക്കിയ കഴുതയ്ക്ക് നാലര ലക്ഷം രൂപ പിഴശിക്ഷ. ജര്‍മന്‍ കോടതിയുടേതാണ് അപൂര്‍വമായ വിധി. വിറ്റസ് എന്ന കഴുതയുടെ ഉടമയോട് 6,845 ഡോളര്‍(4.44 ലക്ഷം രൂപ) പിഴയൊടുക്കാനാണ് കോടതി ഉത്തരവിട്ടത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഹെസേ സംസ്ഥാനത്തെ വോഗെല്‍സ്‌ബെര്‍ഗിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശത്തെ കുതിരകളെ സംരക്ഷിക്കുന്ന മൈതാനത്തിന് സമീപം പാര്‍ക്ക് ചെയ്ത കാറിന്റെ ബോണറ്റടക്കം കഴുത കടിച്ച് കേടുപാടുണ്ടാക്കുകയായിരുന്നു.

എന്നാല്‍ കഴുത കുറ്റക്കാരനല്ലെന്നും കാര്‍ അവിടെ പാര്‍ക്ക് ചെയ്ത ഉടമസ്ഥനാണ് കുറ്റക്കാരനെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല. ഓറഞ്ച് കാര്‍ കണ്ട കഴുത കാരറ്റ് ആണെന്ന് കരുതിയാവും കടിച്ചതെന്നാണ് പൊലിസ് നിഗമനം. വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് കഴുതയുടെ ഉടമസ്ഥന്‍.