സംസ്ഥാനത്ത് വളര്‍ത്തുമൃഗങ്ങളില്‍ ക്യാന്‍സര്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് • ഇ വാർത്ത | evartha
Health & Fitness

സംസ്ഥാനത്ത് വളര്‍ത്തുമൃഗങ്ങളില്‍ ക്യാന്‍സര്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

മനുഷ്യനു മാത്രമല്ല സംസ്ഥാനത്ത് വളര്‍ത്ത് മൃഗങ്ങളിലും അര്‍ബുദം വ്യാപകമാകുന്നതായി മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. വളര്‍ത്തുനായ, പൂച്ച, പശു എന്നിവയിലാണ് ക്യാന്‍സര്‍ ബാധ കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്.

അര്‍ബുദം വര്‍ദ്ധിക്കുന്നതിന്റെ കാരണം കണ്ടെത്തുന്നതിന് കൂടുതല്‍ പഠനം വേണമെന്ന് വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെയും റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പഠനം നടത്തണമെന്നാണ് ശുപാര്‍ശ.

തിരുവനന്തപുരം പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിലെ പാത്തോളജി വിഭാഗത്തിന് കീഴിലുള്ള ഓങ്കോളജി ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. പരിശോധിച്ച നൂറോളം സാമ്പിളുകളില്‍ 80 ശതമാനം ക്യാന്‍സര്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്.

വളര്‍ത്ത് നായ്ക്കള്‍ക്കും പൂച്ചക്കും പശുവിനും പുറമേ കുതിരകളിലും ക്യാന്‍സര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നാടന്‍ മൃഗങ്ങളെ അപേക്ഷിച്ച് വിദേശ ഇനങ്ങളിലാണ് അര്‍ബുദം കൂടുതല്‍ ബാധിക്കുന്നത്. ഭക്ഷണ ക്രമത്തിലുള്ള മാറ്റമാകാം ക്യാന്‍സര്‍ കൂടാന്‍ കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിഗമനം.

മൃഗങ്ങളിലെ അര്‍ബുദത്തെ കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു വരികയാണ്. നിലവില്‍ പാലോട് മാത്രമാണ് ഓങ്കോളജി ഡയഗ്‌നോസ്റ്റിക് ലാബോറട്ടറി ഉള്ളത്. റീജിണല്‍ ലബോറട്ടറികള്‍ക്കൊപ്പം ജില്ലാതല ലബോറട്ടറികളും സ്ഥാപിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ആലോചിക്കുന്നുണ്ട്.