പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംപി: ‘ഒരു തവണയെങ്കിലും മോദിക്ക് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൂടേ’

single-img
29 September 2017

കടുത്ത സാമ്പത്തിക പ്രതിസന്ധി രാജ്യം ചര്‍ച്ച ചെയ്യുകയാണെന്നും ഒരു തവണയെങ്കിലും ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുമ്പിലെത്തി അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

മുന്‍കൂട്ടി നല്‍കിയ ചോദ്യങ്ങള്‍ പരിശോധിച്ച് ആവശ്യമില്ലാത്തവ ഒഴിവാക്കി മാധ്യമങ്ങള്‍ക്ക് ‘ചോദ്യപേപ്പര്‍’ തയാറാക്കി കൊടുക്കുന്ന പരിപാടിയല്ല, യഥാര്‍ഥ പത്രസമ്മേളനത്തെയാണ് മോദി അഭിമുഖീകരിക്കേണ്ടതെന്ന് സിന്‍ഹ പറയുന്നു.

”ജനാധിപത്യത്തിന്റെ കാവല്‍ക്കാരനായ പ്രധാനമന്ത്രിക്ക് ജനങ്ങളെയും മാധ്യമങ്ങളെയും നേരിട്ട് അഭിമുഖീകരിക്കാന്‍ ഇതാണ് ഏറ്റവും ഉചിതമായ സമയം. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്‍കണം. ഒരു യഥാര്‍ഥ പത്രസമ്മേളനം നടക്കണം.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ്, താന്‍ രാജ്യത്തെ മധ്യവര്‍ഗത്തേയും വ്യാപാരികളെയും ചെറുകിട കച്ചവടക്കാരെയും സംരക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് ഉറപ്പുനല്‍കാന്‍ കഴിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സിന്‍ഹ പറഞ്ഞു.

പാര്‍ട്ടിയിലുള്ളവര്‍ പറയാനും പ്രകടിപ്പിക്കാനും ആഗ്രഹിക്കുന്നതാണ് താന്‍ ചെയ്തതെന്നും സിന്‍ഹ പറഞ്ഞു. മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് സ്വന്തം പാളയത്തില്‍ നിന്നു തന്നെ ഉയരുന്ന വിമര്‍ശങ്ങള്‍.