ഭീകരതയെ പിന്തുണക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍

single-img
29 September 2017

ഭീകരതയെ പിന്തുണക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍ ഭരണകൂടം വ്യക്തമാക്കി. രാജ്യത്തിനകത്തോ പുറത്തോ ഉള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നാണ് അധിക്യതര്‍ നല്‍കുന്ന മുന്നറിയിപ്പ.്

രാജ്യത്തെ അസ്ഥിരപ്പെടുത്തുവാനുദ്ദേശിച്ച് നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഭീകരതയെ പിന്തുണക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം. ഭീകരതയെ ഏതെങ്കിലും രീതിയില്‍ സഹായിച്ചാല്‍ പത്ത് വര്‍ഷത്തെ കഠിന തടവ് ശിക്ഷ ലഭിക്കും. ഇതിന് പുറമെ ഒരു ലക്ഷം ബഹ്‌റൈന്‍ ദിനാര്‍ പിഴ ഈടാക്കുകയും ചെയ്യും.

ബഹ്‌റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫയാണ് ഈ ഉത്തരവിറക്കിയത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിനകത്ത് നിന്ന് ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ സാമ്പത്തിക സഹായം ലഭ്യമാകുന്നുണ്ടോ എന്ന് കൂടുതല്‍ ജാഗ്രതയോടെ നിരീക്ഷിക്കും.

രാജ്യത്തിനകത്തോ പുറത്തോ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുമായോ സംഘടനകളുമായോ ബന്ധപ്പെടുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ഇവര്‍ക്ക് ചില വിദേശ തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.