അങ്കമാലിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം ക്വട്ടേഷനെന്ന് സൂചന: മൂന്ന് പേര്‍ അറസ്റ്റില്‍

single-img
29 September 2017

ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം ക്വട്ടേഷനെന്ന് സൂചന. കേസില്‍ കൊച്ചിയിലെ പ്രമുഖ അഭിഭാഷകനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്കമാലി നായത്തോട് വീരംപറമ്പില്‍ രാജീവന്‍ (43) ആണ് മരിച്ചത്.

കൊലപാതകവുമായി ബന്ധപ്പെട്ട് രാജീവിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ കൂട്ടു പങ്കാളി അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ തര്‍ക്കമാണ് അഭിഭാഷകന്‍ ക്വട്ടേഷന്‍ നല്‍കാന്‍ കാരണം. വസ്തു ഇടപാടിന്റെ പേരില്‍ അഭിഭാഷകനില്‍ നിന്നും രാജീവന്‍ അഡ്വാന്‍സ് തുക കൈപ്പറ്റിയിരുന്നു.

ഇത് തിരിച്ചു നല്‍കാത്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്ന് രാവിലെ രാജീവിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് മുന്‍പ് തട്ടികൊണ്ടു പോകാന്‍ ശ്രമം ഉണ്ടായതായും മകന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

പിന്നാലെയാണ് പരിയാരത്ത് തവളപ്പാറയില്‍ എസ്ഡി കോണ്‍വന്റ് വക കെട്ടിടത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. രാജീവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം എസ്ഡി കോണ്‍വെന്റിന്റെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് ബല പ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. എസ്പി യതീഷ് ചന്ദ്ര, ഡിവൈഎസ്പിസിഎസ് ഷാഹുല്‍ ഹമീദ്, സിഐ വിസ് ഷാജു, എസ്‌ഐ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം