ലോകത്ത് എല്ലായിടത്തും വിമാന സര്‍വീസുകള്‍ വൈകി

single-img
29 September 2017

ലോകത്തെങ്ങുമുള്ള വിമാനത്താവളങ്ങളില്‍ യാത്ര കുറച്ചു സമയത്തേക്കു മുടങ്ങി. സ്‌പെയിനിലെ യാത്രാ സങ്കേതികവിദ്യ സ്ഥാപനമായ അമേദിയസിന്റെ കംപ്യൂട്ടര്‍ സംവിധാനത്തിലുണ്ടായ തകരാറാണ് വിമാനത്താവളങ്ങളെ ബാധിച്ചത്.

ചില വിമാനത്താവളങ്ങളില്‍ വിമാനസര്‍വീസുകള്‍ 16 മിനിറ്റ് വരെ വൈകി. ചിലയിടങ്ങളില്‍ രണ്ടു മണിക്കൂറോളം താമസം നേരിട്ടതായി യാത്രക്കാര്‍ പരാതിപ്പെട്ടു. ലോകമെങ്ങും ചെക് ഇന്‍ സേവനം നല്‍കുന്നത് അമേദിയസിലാണ്.

ഇവിടെയുണ്ടായ തകരാറ് എല്ലാ പ്രമുഖ വിമാനക്കമ്പനികളെയും പരിമിതമായെങ്കിലും ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേദിയസ് തയാറാക്കിയ ‘ആല്‍റ്റീ’ സംവിധാനത്തിലാണ് ചെറിയ തകരാറുണ്ടായത്.

തകരാറുണ്ടായ കാര്യം അമേദിയസ് സ്ഥിരീകരിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അഞ്ചു മണിക്കൂറിനുള്ളില്‍ത്തന്നെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും കമ്പനി വക്താവ് അറിയിച്ചു. കഴിഞ്ഞ ഏപ്രിലിലും സമാനമായ പ്രശ്‌നമുണ്ടായിട്ടുണ്ട്.