ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ എത്തി

single-img
28 September 2017

യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ എത്തി. റോമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ രാവിലെ 7.20ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ എംപിമാരായ കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി, ഫരീദാബാദ് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര തുടങ്ങിയവര്‍ ചേര്‍ന്നു അദ്ദേഹത്തെ സ്വീകരിച്ചു.

11.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ചയുണ്ട്. ഉച്ചയ്ക്കു വത്തിക്കാന്‍ എംബസി സന്ദര്‍ശിക്കുന്ന അദ്ദേഹം വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണും. നാളെ ബെംഗളൂരുവിലേക്കു തിരിക്കും.

രാവിലെ 8.30നു ബെംഗളൂരു വിമാനത്താവളത്തില്‍ സ്വീകരണം. തുടര്‍ന്ന് പത്തിനു കൂക്ക് ടൗണിലെ ഡോണ്‍ ബോസ്‌കോ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ സ്വീകരണം. വൈകിട്ട് 5.30നു മ്യൂസിയം റോഡിലെ ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ കൃതജ്ഞതാ ബലി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് മൂന്നിനു വാര്‍ത്താസമ്മേളനം.

ഞായറാഴ്ച രാവിലെ ഏഴിനു അദ്ദേഹം നെടുമ്പാശേരിയിലെത്തും. എട്ടിനു വെണ്ണല ഡോണ്‍ ബോസ്‌കോ ഹൗസില്‍ സ്വീകരണം. 9.45നു എറണാകുളം അതിരൂപതാ ആസ്ഥാനത്തെത്തും. 12നു വരാപ്പുഴ അതിരൂപതാ ആസ്ഥാന സന്ദര്‍ശനം. വൈകിട്ടു നാലിന് പാലാ ബിഷപ്‌സ് ഹൗസില്‍ സ്വീകരണം. 5.30നു ജന്മനാടായ രാമപുരത്തു പൊതുസമ്മേളനം. തിങ്കളാഴ്ച വടുതല ഡോണ്‍ ബോസ്‌കോ ആസ്ഥാനത്തു സലേഷ്യന്‍ വൈദികരെ കാണും. ചൊവ്വാഴ്ച രാവിലെ 11.30നു തിരുവനന്തപുരം അതിരൂപതാ ആസ്ഥാനത്തെത്തും.

തുടര്‍ന്നു മണക്കാട് ഡോണ്‍ ബോസ്‌കോ ഹൗസില്‍. വൈകിട്ട് അഞ്ചിന് നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജിലെ ഗിരിദീപം കണ്‍വന്‍ഷന്‍ ഹാളില്‍ പൊതുസമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയന്‍, സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്നു ക്ലിഫ് ഹൗസില്‍ അത്താഴവിരുന്ന്. ബുധനാഴ്ച വൈകിട്ടു നാലിന് തൃശൂര്‍ അതിരൂപതാ ആസ്ഥാന സന്ദര്‍ശനം. രാത്രി ബെംഗളൂരുവിലേക്കു മടങ്ങും.