മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു

single-img
28 September 2017

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ചു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. വേമ്പനാട്ടു കായലില്‍ നടന്ന കയ്യേറ്റം, കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ചു നടത്തിയ പ്രവൃത്തികളിലെ അപാകതകള്‍ എന്നിവ കണക്കിലെടുത്താണു കേന്ദ്ര ഏജന്‍സി വിവര ശേഖരണം നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഐബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുക.

കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അന്വേഷണം അടക്കം തീരുമാനിക്കുന്നതില്‍ ഐബി റിപ്പോര്‍ട്ട് നിര്‍ണായക പങ്കു വഹിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ എത്തിയ സംഘം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കണ്ടു വിവരങ്ങള്‍ ശേഖരിച്ചു.

നഗരസഭാ ഓഫിസിലും ഹാര്‍ബര്‍ എന്‍ജിനീയറിങ്, റവന്യു ഓഫിസുകളിലും പരിശോധന നടത്തി. ഏതാനും ദിവസത്തെ അന്വേഷണത്തിനു ശേഷം ഇന്റലിജന്‍സ് ബ്യൂറോ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകളിലൂടെ വിശദ അന്വേഷണം നടത്തും.

ലേക്ക് പാലസ് റിസോര്‍ട്ടിലേക്കു റോഡ് നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ചതിലെ അപാകതകള്‍ പരിശോധിച്ചു തുടങ്ങി. എല്‍ഡിഎഫ്, യുഡിഎഫ് പ്രതിനിധികളായ രാജ്യസഭാ എംപിമാരുടെ ഫണ്ടാണു വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മാണത്തിനു വിനിയോഗിച്ചത്.

ഈ റോഡിന്റെ നിര്‍മാണം പൊതു ആവശ്യത്തിനാണോ സ്വകാര്യ വ്യക്തികള്‍ക്കു വേണ്ടിയാണോ എന്നും അന്വേഷിക്കുന്നുണ്ട്. എംപി ഫണ്ട് ചെലവഴിക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.

രാജ്യസഭാ എംപിമാര്‍ക്ക് എവിടെ വേണമെങ്കിലും പണം ചെലവഴിക്കാമെങ്കിലും രണ്ട് എംപിമാര്‍ ഒരു റോഡിനു പണം അനുവദിച്ചതിന്റെ കാരണം ചോദിച്ചറിയും. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള റാംസാര്‍ മേഖലയായ വേമ്പനാട്ടു കായലിന്റെ സംരക്ഷണം കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ തണ്ണീര്‍ത്തട അതോറിറ്റിയുടെ നിയന്ത്രണത്തിലായതിനാല്‍ സംരക്ഷണ നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന പ്രാഥമിക പരിശോധനയും നടത്തുന്നുണ്ട്. 2013ലെ തണ്ണീര്‍ത്തട നിയമത്തിനു ശേഷം കായല്‍ മേഖലയില്‍ നടന്ന ഭൂമിയുടെ ഘടനാപരമായ മാറ്റങ്ങളും അന്വേഷിക്കും.