സാമ്പത്തിക പ്രതിസന്ധിയില്‍ യശ്വന്ത് സിന്‍ഹയെ തള്ളി മകന്‍ രംഗത്ത്: യശ്വന്ത് പറഞ്ഞത് ശരിയെന്ന് ശത്രുഘ്‌നന്‍ സിന്‍ഹയും ശിവസേനയും

single-img
28 September 2017

സാമ്പത്തിക മാന്ദ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം എന്‍ഡിഎ സര്‍ക്കാരിനാണെന്ന വിമര്‍ശനവുമായി ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ വീണ്ടും രംഗത്ത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ജിഎസ്ടി കൂടി നടപ്പിലാക്കിയപ്പോള്‍ പ്രശ്‌നം ഗുരുതരമായി എന്ന് യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു.

യശ്വന്ത് സിന്‍ഹയുടെ നിലപാടിന് പിന്തുണയറിയിച്ച് പാര്‍ട്ടി എംപിയായ ശത്രുഘ്‌നന്‍ സിന്‍ഹയും ശിവസേനയും രംഗത്ത് എത്തി. സര്‍ക്കാരിന്റെ സാമ്പത്തിക നയത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച യശ്വന്ത് സിന്‍ഹയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ബിജെപിക്കാകുമോ എന്ന് ശിവസേന വെല്ലുവിളിച്ചു.

‘സിന്‍ഹയുടെ പരാമര്‍ശത്തെ തള്ളിക്കളയേണ്ട കാര്യമില്ല. അദ്ദേഹം പറഞ്ഞത് രാജ്യത്തിന്റെയും പാര്‍ട്ടിയുടേയും താത്പര്യം മുന്‍നിര്‍ത്തിയാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ധനമന്ത്രിമാരില്‍ ഒരാളാണ് യശ്വന്ത് സിന്‍ഹ’; ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററിലെഴുതിയ കുറിപ്പില്‍ വിവരിച്ചു.

അതേസമയം, യശ്വന്ത് സിന്‍ഹയുടെ നിരീക്ഷണങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രിയും മകനുമായ ജയന്ത് സിന്‍ഹ രംഗത്തെത്തി. സുതാര്യവും പുതുമ നിറഞ്ഞതുമായ പുതിയ സമ്പദ്‌വ്യവസ്ഥയാണ് രാജ്യത്ത് രൂപംകൊണ്ടിരിക്കുന്നതെന്ന് ജയന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. നോട്ട് അസാധുവാക്കലും ജിഎസ്ടിയും ഗെയിം ചെയ്ഞ്ചര്‍ ആണെന്ന് ജയന്ത് സിന്‍ഹ പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ യശ്വന്ത് സിന്‍ഹ ഇന്നലെ എഴുതിയ ലേഖനത്തില്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കിയത് വലിയ വിവാദമായിരുന്നു. ബിജിപിയിലെ പല നേതാക്കള്‍ക്കും ഇക്കാര്യം അറിയാമെന്നും ഭയം കൊണ്ട് പലരും ഇക്കാര്യം സമ്മതിക്കുന്നില്ലെന്നും സിന്‍ഹ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ സിന്‍ഹയുടെ ആരോപണങ്ങള്‍ തള്ളിയ ചില ബിജെപി നേതാക്കള്‍ സാമ്പത്തിക മാന്ദ്യത്തിന് ഉത്തരവാദി യുപിഎ സര്‍ക്കാര്‍ ആണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് യശ്വന്ത് സിന്‍ഹ ഇന്ന് രംഗത്തെത്തിയത്.