എന്തെങ്കിലും പറയാനുണ്ടോയെന്ന് മജിസ്‌ട്രേട്ട്; ഇല്ലെന്ന് ദിലീപ്: റിമാന്‍ഡ് കാലാവധി അടുത്ത മാസം 12 വരെ നീട്ടി

single-img
28 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്ത മാസം 12 വരെ നീട്ടി. റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ദിലീപിനെ കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്.

രാവിലെ 11ന് അങ്കമാലി കോടതിയിലാണ് നടപടികള്‍ തുടങ്ങിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന മജിസ്‌ട്രേട്ടിന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി.

അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പറയാന്‍ മാറ്റിയത്. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യത്തിനായി കോടതിയിലെത്തുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാകാറായില്ലേ എന്ന് ഇന്നലെ കോടതി പ്രോസിക്യുഷനോട് ആരാഞ്ഞു. അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായി എന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. പ്രധാന സാക്ഷികളുടെ രഹസ്യമൊഴി എടുത്തുകഴിഞ്ഞില്ലേ എന്നായിരുന്നു കോടതിയുടെ രണ്ടാമത്തെ ചോദ്യം.

രഹസ്യമൊഴികള്‍ എടുത്തുകഴിഞ്ഞുവെന്ന് പ്രോസിക്യുഷന്‍ അറിയിച്ചു. ചുരുക്കം ചില കാര്യങ്ങള്‍ കൂടിയാണ് പൂര്‍ത്തിയാകാനുള്ളതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ശാസ്ത്രീയ തെളിവുകള്‍, രേഖകള്‍ എന്നിവ സമാഹരിക്കാനുണ്ട്. ഗൂഢാലോചന കേസില്‍ അന്വേഷണം പൂര്‍ത്തിയായാലും മൊബൈല്‍ ഫോണിനായി അന്വേഷണം തുടരുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

90 ദിവസം പൂര്‍ത്തിയാകുന്നതോടെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കി. ദിലീപിന് ആശ്വാസമാകുന്ന ചില ചോദ്യങ്ങളാണ് കോടതി ഇന്ന് ഉന്നയിച്ചത്. കേസില്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദിലീപിന്റെ ജാമ്യഹര്‍ജിയ്‌ക്കെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഇന്നും ഉയര്‍ത്തിയത്. നടിയെ ആക്രമിക്കാന്‍ ദിലീപ് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് പള്‍സര്‍ സുനിക്ക് നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

പൊലീസ് പിടിച്ചാല്‍ മൂന്ന് കോടി നല്‍കാമെന്നും ദിലീപ് സുനിയോട് പറഞ്ഞിരുന്നു. സുനി സഹതടവുകാരനായിരുന്ന വിപിന്‍ ലാലിനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നതായാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. വിപിന്‍ ലാലിന്റെ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു. ക്വട്ടേഷനിലൂടെ ദിലീപിന് 65 കോടി രൂപയുടെ നേട്ടം ഉണ്ടാകുമെന്ന് സുനി വിപിന്‍ ലാലിനോട് പറഞ്ഞിരുന്നതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ക്വട്ടേഷന്‍ തുക വാങ്ങിയ ശേഷം രക്ഷപെടാനായിരുന്നു പള്‍സര്‍ സുനിയുടെ പദ്ധതിയെന്നും എന്നാല്‍ കൂട്ടുപ്രതി സമ്മതിക്കാഞ്ഞതിനെ തുടര്‍ന്നാണ് കീഴടങ്ങിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. മുന്‍ ജാമ്യഹര്‍ജികളെ എതിര്‍ത്തപ്പോള്‍ ഉന്നയിച്ച വാദങ്ങളും പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്നുണ്ട്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അതേസമയം, പ്രോസിക്യൂഷനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ദിലീപിന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. കേസ് അന്വേഷണത്തിന്റെ ഒരു വിവരങ്ങളും പൊലീസ് തന്റെ കക്ഷിയെ അറിയിക്കുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ ബി രാമന്‍ പിള്ള പറഞ്ഞു.

റിമാന്റ് റിപ്പോര്‍ട്ടില്‍ പോലും പൊലീസ് ഒരു വിവരവും രേഖപ്പെടുത്തുന്നില്ല. തന്റെ പേരിലുള്ള കുറ്റങ്ങള്‍ അറിയാനുള്ള അവകാശം പോലും ദിലീപിന് നിഷേധിക്കുകയാണെന്ന് അഭിഭാഷകന്‍ വാദിച്ചു. തന്നെ വിചാരണ തടവുകാരനായി ഇടനാണ് പോലീസിന്റെ നീക്കമെന്നും ദിലീപ് ആരോപിച്ചിരുന്നു. സോപാധികമായി ജാമ്യം നല്‍കണമെന്നും പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുന്ന ഒന്നും ചെയ്യില്ലെന്നും ദിലീപ് ഉറപ്പ് നല്‍കിയിരുന്നു.

90 ദിവസത്തിനകം ദിലീപിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ച് സ്വാഭാവിക ജാമ്യം തടയാനാണ് പോലീസിന്റെ ശ്രമം. 12 ദിവസം കൂടി മാത്രമാണ് റിമാന്‍ഡ് കാലാവധി അവസാനിക്കാന്‍ അവശേഷിക്കുന്നത്. ഇപ്പോള്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ കേസില്‍ വിചാരണ കഴിയുന്നതുവരെ ദിലീപിന് ജയിലില്‍ തുടരേണ്ടതായി വരും. ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയാണ് ഇത്.