ദിലീപിനെ ആരാധകര്‍ കൈവിട്ടില്ല: രാമലീലയ്ക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണം; ആദ്യ ഷോ തന്നെ കാണാന്‍ വലിയ തിരക്ക്

single-img
28 September 2017

ദിലീപ് ചിത്രം രാമലീലയ്ക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണം. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം വന്‍ ജനപങ്കാളിത്തമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഹര്‍ഷാരവങ്ങളോടെയാണ് ദിലീപ് ആരാധകര്‍ സിനിമയെ വരവേറ്റത്.

ആദ്യ ഷോ തന്നെ കാണാന്‍ വലിയ തിരക്കാണ് എല്ലാ തിയേറ്ററുകളിലും കണ്ടത്. തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ രാവിലെ മുതല്‍ നീണ്ട നിര ഉണ്ടായിരുന്നു. എറണാകുളം സരിതയിലും കോട്ടയം ധന്യ തിയറ്ററിലും വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

നേരത്തെ സിനിമയുടെ റിലീസിനെതിരെ വിമര്‍ശനങ്ങളും വാദപ്രതിപാദങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ചിത്രത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമാപ്രേമികളും താരങ്ങളും. സമൂഹമാധ്യമങ്ങളില്‍ സിനിമയെ പിന്തുണച്ചെത്തുന്ന കുറിപ്പുകളും സജീവമായി കഴിഞ്ഞു.

പുതുമുഖ സംവിധായകനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക. ഒരു രാഷ്ട്രീയ നേതാവിന്റെ റോളിലാണ് ദിലീപ് എത്തുന്നത്.

ദീലീപിന് ജാമ്യം കിട്ടിയ ശേഷം റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും നാല് തവണ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇനിയും റിലീസ് വൈകിക്കേണ്ടയെന്ന് തീരുമാനിക്കുകയായിരുന്നു. പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ചിത്രം തിയറ്ററുകളില്‍ എത്തുന്ന സന്തോഷം സംവിധായകന്‍ അരുണ്‍ ഗോപി പങ്കുവച്ചു.

ചതിയുടെയും വഞ്ചനയുടെയും പടുകുഴിയില്‍ അകപ്പെട്ട് നിസഹായനായി പോകുകയും പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന രാമനുണ്ണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സച്ചിയാണ് തിരക്കഥ. ചിത്രം റിലീസ് ചെയ്യുന്ന തിയറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. കേരളത്തില്‍ 125 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.