പത്തനംതിട്ട ജില്ലയില്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ 1,843 പട്ടയങ്ങള്‍ റദ്ദാക്കി

single-img
28 September 2017

തിരുവനന്തപുരം: മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പത്തനംതിട്ട ജില്ലയിലെ ആറ് വില്ലേജുകളിലായി നല്‍കിയ 1,843 പട്ടയങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി. പട്ടയങ്ങള്‍ നിയമപ്രകാരമല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരം റദ്ദാക്കിയത്.

സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂര്‍ വില്ലേജുകളിലെ 1,843 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് റദ്ദുചെയ്തത്. ഈ ഭൂമി വനഭൂമിയാണെന്നും പട്ടയം നല്‍കാന്‍ കഴിയില്ലെന്നുമുള്ള വനം വകുപ്പിന്റെ ഉത്തരവ് മറികടന്നാണ് 4,835 ഏക്കര്‍ സ്ഥലത്തിന് പട്ടയം നല്‍കിയത്.

2016 ഫെബ്രുവരി 28ന് ചിറ്റാറില്‍ പട്ടയമേള സംഘടിപ്പിച്ച് മന്ത്രി അടൂര്‍ പ്രകാശാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിയമം ലംഘിച്ച് തയ്യാറാക്കിയ പട്ടയങ്ങള്‍ പട്ടയമേളയിലൂടെ വിതരണം നടത്തിയപ്പോള്‍ സംസ്ഥാന ഖജനാവിന് ലക്ഷങ്ങളാണ് നഷ്ടമായത്. കുടിയേറ്റക്കാരുടെ മറവില്‍ ഒട്ടേറെ മതസ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പട്ടയം നല്‍കിയിരുന്നു.