ചൊവ്വാ ഗ്രഹത്തിലേയ്ക്ക് മനുഷ്യരെ അയയ്ക്കാൻ നാസ: ദൌത്യം റഷ്യയുമായി സഹകരിച്ച്

single-img
28 September 2017

ചൊവ്വാഗ്രഹത്തിലേയ്ക്ക് മനുഷ്യരെ അയയ്ക്കാനുള്ള ദൌത്യവുമായി അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസ. റഷ്യൻ ബഹിരാകാശ ഏജൻസിയായ റൊസ്കോസ്മോസുമായി സഹകരിച്ചാണു നാസ പുതിയ ദൌത്യത്തിനു പദ്ധതിയിടുന്നത്.

ഭൂമിയുടെയും ചന്ദ്രന്റേയും ഇടയിലായുള്ള സിസ് ലൂണാർ സ്പേസിൽ ഒരു ബഹിരാകാശ സ്റ്റേഷൻ സ്ഥാപിക്കാനുള്ള കരാറിലാണു നാസയും റോസ്കോസ്മോസും ഒപ്പുവെച്ചത്.ഓസ്ട്രെലിയയിലെ അദിലെയ്ഡെയിൽ വെച്ചുനടന്ന 68-ആമത് ഇന്റർനാഷണൽ ഓസ്ട്രോനോട്ടിക്കൽ കോൺഫറൻസ് വേദിയിലാണു ലോകത്ത് രണ്ട് ബഹിരാകാശ വമ്പന്മാർ ഇത്തരമൊരു കരാറിൽ ഏർപ്പെട്ടത്.

2030-ഓടു കൂടി ചൊവ്വയിൽ മനുഷ്യയാത്രികരെ എത്തിക്കാനാണു നാസ പദ്ധതിയിടുന്നത്. അതിനുള്ള ആദ്യപടിയായാണു ചന്ദ്രഭ്രമണപഥത്തിൽ മനുഷ്യവാസമുള്ള ബഹിരാകാശനിലയം സ്ഥാപിക്കുന്നത്. ചൊവ്വയിലേയ്ക്ക് പോകുന്ന യാത്രികർക്കുള്ള ഇടത്താവളമായും ഗേറ്റ് വേ ആയും ഈ ബഹിരാകാശനിലയം ഉപയോഗിക്കാനാണു പദ്ധതി. ഡീപ് സ്പേസ് ഗേയ്റ്റ്‌വേ എന്നാണു ഈ പദ്ധതിയുടെ പേരു.

നിലവിലെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തോട് സാമ്യമുള്ള ഘടനയിലായിരിക്കും ഡീപ് സ്പേയ്സ് ഗേറ്റ്‌വേയുടേയും നിർമ്മാണം. നാസയുടെ അത്യാധുനിക സാങ്കേതികവിദ്യയായ സോളാർ ഇലക്ട്രിക് പ്രൊപ്പൾഷൻ (SEP) വഴി സൗരോർജ്ജം ഉപയോഗിച്ചായിരിക്കും ഈ നിലയം പ്രവർത്തിക്കുക.