കാവ്യമാധവന്റെ ഡ്രൈവര്‍ സാക്ഷികളെ വിളിച്ചത് 41 തവണ: ലക്ഷ്യയിലെ മുന്‍ ജീവനക്കാരന്‍ മൊഴിമാറ്റിയത് കാവ്യയ്ക്ക് തിരിച്ചടിയാകുമോ?

single-img
28 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം. ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മാനേജരെ കാവ്യയുടെ ഡ്രൈവര്‍ നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. കാവ്യാ മാധവന്റെ ഡ്രൈവര്‍ ലക്ഷ്യയിലെ ഈ മുന്‍ ജീവനക്കാരനെ 41 തവണ ഫോണില്‍ വിളിച്ചെന്നും ഇയാളുടെ ആലപ്പുഴയിലുള്ള വീട്ടില്‍ എത്തിയെന്നും ഇത്തരം ഇടപെടലുകളെ തുടര്‍ന്നാണു മൊഴിയില്‍നിന്നു പിന്നോക്കം പോയതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ കൂറുമാറുന്ന ആദ്യസാക്ഷിയാണിത്. ജയിലിനുള്ളില്‍ കിടന്നു തന്ന പുറത്ത് സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന് കഴിയുന്നുണ്ടെങ്കില്‍ ജാമ്യത്തിലിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഒരു പ്രയാസവുമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കാവ്യയുടെ ഡ്രൈവറുടെ ചെയ്തികള്‍ ഭാവിയില്‍ കാവ്യയ്ക്കും വിനയായേക്കും എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ആരുടെ നിര്‍ദ്ദേശപ്രകാരം ആണ് ഇയാള്‍ സാക്ഷികളെ വിളിച്ചത് എന്ന ചോദ്യവും ഉയരും. കാവ്യ മാധവന്‍ നിലവില്‍ കേസിലെ പ്രതിയല്ലെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.

കാവ്യക്കെതിരെ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യില്ലെന്നോ, ഭാവിയില്‍ അറസ്റ്റ് ചെയ്യില്ലെന്നോ അന്വേഷണ സംഘം ഉറപ്പ് നല്‍കിയിട്ടില്ല. നാദിര്‍ഷയുടെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് അന്വേഷണ സംഘം സ്വീകരിച്ചിരിക്കുന്നത്.

അതിനിടെ നടിയെ ആക്രമിക്കാന്‍ ഒന്നരക്കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്ന് ജയിലില്‍ വച്ച് ഒന്നാം പ്രതി പള്‍സര്‍ സുനി സഹതടവുകാരനോട് പറഞ്ഞിട്ടുണ്ട്. പിടിയിലായാല്‍ മൂന്നു കോടി രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ക്വട്ടേഷന്‍ വിജയിച്ചാല്‍ 5 കോടി രൂപ ദിലീപിന് നേട്ടമുണ്ടാകുമായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നു.

സഹതടവുകാരനായ വിപിന്‍ ലാലിനോടാണ് സുനില്‍കുമാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വിപിന്‍ ലാലിന്റെ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു. ക്വട്ടേഷന്‍ തുക വാങ്ങിയ ശേഷം കീഴടങ്ങാനായിരുന്നു സുനിയുടെ പദ്ധതി. എന്നാല്‍ കൂട്ടുപ്രതി നിര്‍ബന്ധിച്ചതിനാല്‍ കോടതിയില്‍ എത്തുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

നടന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍, തീയറ്റര്‍ ഉടമ എന്ന നിലയിലെല്ലാം സിനിമയില്‍ നല്ല സ്വാധീനമുള്ള ആളാണ് ദിലീപെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നാലു സാക്ഷികളുടെ രഹസ്യമൊഴി റെക്കോഡ് ചെയ്തിട്ടുണ്ടെങ്കിലും കേസന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ ദിലീപ് ജയിലിലായി 90 ദിവസം പീര്‍ത്തിയാകുന്നതിനു മുമ്പായി തന്നെ കുറ്റപത്രം നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

വാദം പൂര്‍ത്തിയായ കേസില്‍ വിധി പറയാന്‍ മാറ്റി വെച്ചിരിക്കുകയാണ്. അതേസമയം ഗായിക റിമി ടോമിയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷക സംഘത്തിന് കോടതി അനുമതി നല്‍കി. റിമിക്കു പുറമേ മറ്റു നാലുപേരുടെ കൂടി രഹസ്യമൊഴിയെടുക്കാനുള്ള ശ്രമവും അന്വേഷണ സംഘം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മൊഴി പിന്നീട് മാറ്റാതിരിക്കുന്നതിനു വേണ്ടിയാണു രഹസ്യമൊഴിയെടുക്കുന്നത്. നാട്ടിലും വിദേശത്തും നടത്തിയ താരനിശയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എല്ലാവരില്‍നിന്നു ശേഖരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയും കേസില്‍ പ്രതിയാക്കപ്പെട്ടു ജയിലില്‍ കഴിയുന്ന നടന്‍ ദിലീപും റിമി ടോമിയുടെ സൗഹൃദവലയത്തിനുള്ളിലുള്ളവരായിരുന്നു.

നടനുള്‍പ്പെട്ട വിദേശയാത്രാ സംഘത്തില്‍ റിമി ടോമിയും ഉള്‍പ്പെട്ടിരുന്നു. സംഭവത്തിനിരയായ നടിയോട് ദിലീപിന് വിരോധം തോന്നാനുള്ള കാരണങ്ങള്‍ റിമി ടോമിക്ക് വ്യക്തമായി അറിയാമെന്നാണ് അന്വേഷകസംഘം പറയുന്നത്. നേരത്തേ ഫോണില്‍ വിളിച്ച് ഇക്കാര്യങ്ങളും പോലീസ് റിമിയോട് തിരക്കിയിരുന്നു. എന്നാല്‍ രഹസ്യമൊഴിയില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിശദീകരണം റിമിക്ക് നല്‍കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.