കെഎം മാണിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ഇപി ജയരാജന്‍

single-img
28 September 2017

കെ.എം.മാണിയെ എല്‍ഡിഎഫില്‍ എടുക്കുന്ന വിഷയത്തില്‍ കാനം രാജേന്ദ്രനെ തളളി സിപിഎം കേന്ദ്രകമ്മറ്റിയംഗം ഇ.പിജയരാജന്‍. ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന ആളാണ് മാണിയെന്ന് ജയരാജന്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്തിലുള്‍പ്പെടെ തദ്ദേശസ്ഥാപനങ്ങളില്‍ സിപിഎമ്മിനെ പിന്തുണയ്ക്കാന്‍ കേരളാ കോണ്‍ഗ്രസ് സമീപകാലത്ത് കൈക്കൊണ്ട തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണ്. ഈ വിഷയത്തില്‍ കാനം രാജേന്ദ്രന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്.

സാഹചര്യങ്ങള്‍ അനുസരിച്ചാണ് രാഷ്ട്രീയ അടവ് രൂപീകരിക്കുന്നതെന്നും ഇ.പി. ജയരാജന്‍ കോട്ടയത്തു പറഞ്ഞു. ഏത് മുന്നണിക്കൊപ്പം പോകണമെന്ന കാര്യത്തില്‍ കേരളകോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇ പി ജയരാജന്റെ പ്രസ്താവന.

ഇക്കാര്യത്തില്‍ സിപിഎമ്മിന്റെയും സിപിഐയുടേയും വിരുദ്ധനിലപാട് ഇടതുമുന്നണിക്കുള്ളില്‍ മാണി വിഷയം വീണ്ടും രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് കാരണമാകും.

അതേസമയം ബന്ധുനിയമനക്കേസില്‍ കോടതി വിധി, നീതിയുടെ വിജയമെന്ന് ജയരാജന്‍ പ്രതികരിച്ചു. ശരി എന്ന് തോന്നിയതാണ് താന്‍ ചെയതത്. തിരിച്ചുവരാന്‍ വേണ്ടിയല്ല രാജിവച്ചതെന്നും പാര്‍ട്ടിയും ജനങ്ങളും ഒപ്പമുണ്ടായിരുന്നെന്നും ഇ.പി. ജയരാജന്‍ കോട്ടയത്തു പറഞ്ഞു.