വിവാദ യോഗാകേന്ദ്രം തല്‍ക്കാലം അടച്ചുപൂട്ടേണ്ടതില്ലെന്ന് ഹൈക്കോടതി: അന്വേഷണത്തിന് ഉത്തരവ്

single-img
28 September 2017

കൊച്ചി: മതപരിവര്‍ത്തനത്തിന്റെ പേരില്‍ ആരോപണവിധേയമായ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി കമ്മീഷണര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.

ഹില്‍പാലസ് സിഐ, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരെ കേസില്‍ കക്ഷി ചേര്‍ത്തു. പ്രൊസിക്യൂഷന്‍ ഡയറക്ടറെ ഹൈക്കോടതി വിളിച്ചുവരുത്തി. കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

അതേസമയം യോഗാകേന്ദ്രം അടച്ചുപൂട്ടേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ യോഗാപരിശീലനം അടക്കം പരിപാടികള്‍ക്ക് വിലക്കുണ്ട്. പെണ്‍കുട്ടികളടക്കമുള്ള അന്തേവാസികള്‍ക്ക് അവിടെ തുടരാമെന്നും ഹൈക്കോടതി പറഞ്ഞു. യോഗ കേന്ദ്രം തടവിലാക്കിയ പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടയക്കാനും കോടതി ഉത്തരവിട്ടു.

മറ്റ് മതങ്ങളിലേക്ക് മാറിയ പെണ്‍കുട്ടികളെ ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഇവിടെ പാര്‍പ്പിച്ച് പീഡിപ്പിക്കുകയാണെന്ന കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

ഇവിടെ താമസിച്ച പെണ്‍കുട്ടികളോട് ഒഴിഞ്ഞുപോകാനും നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ യോഗാകേന്ദ്രം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.