സിനിമാ തിയറ്റർ ജനകീയ കോടതിയെന്ന് ലാൽ ജോസ്: ദിലീപിനെ പിന്തുണച്ചിട്ട പോസ്റ്റിനു താഴെ പൊങ്കാല

single-img
28 September 2017

ദിലീപിന്റെ ചിത്രം രാമലീല വൻവിജയമെന്നും അതിനാൽ ജനകീയ കോടതിയിൽ ദിലീപിനു വിജയമെന്നും ഫെയ്സ്ബ്ക്കിൽ പോസ്റ്റിട്ട സംവിധായകൻ ലാൽ ജോസിനെതിരേ കമന്റുകളിലൂടെ പ്രതിഷേധം. ലാൽ ജോസിന്റെ നിലപാടിലെ കപടത തുറന്നു കാട്ടി നിരവധിപേർ ലാൽ ജോസിന്റെ പോസ്റ്റിൽ കാന്റ് ചെയ്തു. ജനകീയ കോടതി എന്നാൽ എന്താണെന്നും സിനിമാ തിയറ്ററിലെ ആൾക്കൂട്ടമാണോ ഒരാൾ കുറ്റവാളിയാണോ എന്നു തീരുമാനിക്കുന്നതെന്നുമാണു എതിർപക്ഷം ചോദിക്കുന്നത്.

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ വാടകഗുണ്ടയെ ഏർപ്പാടാക്കിയ കേസിൽ ജയിലിൽക്കഴിയുന്ന നടൻ ദിലീപ് നായകനായ ചിത്രം രാമലീലയുടെ റിലീസ് സോഷ്യൽ മീഡിയായിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇത്തരമൊരു കേസിൽ പ്രതിയാക്കപ്പെട്ടയാളുടെ ചിത്രം ബഹിഷ്കരിക്കുന്നത് ഒരു രാഷ്ട്രീയനിലപാടാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു കൂട്ടരും, എന്നാൽ ഇരയോടൊപ്പമാണെങ്കിലും സിനിമ ഒരുകൂട്ടം ആളുകളുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമായതിനാൽ അതിനെ ബഹിഷ്കരിക്കുന്നത് യുക്തിസഹമല്ലെന്ന് അവകാശപ്പെട്ട് മറ്റൊരു കൂട്ടരും രംഗത്തുവന്നിരുന്നു. അവളോടൊപ്പം എന്ന ഹാഷ്ടാഗിൽ രണ്ടു കൂട്ടരും പോസ്റ്റുകൾ ഇട്ടപ്പോൾ ദിലീപ് നിരപരാധിയാണെന്ന് അവകാശപ്പെട്ട് അവനോടൊപ്പം എന്ന ഹാഷ്ടാഗുമായി മറ്റൊരു കൂട്ടർ രംഗത്തെത്തിയിരുന്നു. ലാൽ ജോസിനേപ്പോലെയുള്ള പുരോഗമനപക്ഷത്തെന്ന് ധരിക്കപ്പെട്ടിരുന്ന ഒരു സംവിധായകൻ അവനോടൊപ്പമെന്ന് ഹാഷ്ടാഗ് ഇട്ടത് നേരത്തേതന്നെ വിവാദമായിരുന്നു. അതിനിടെയാണു ചിത്രം വിജയമായതിനാൽ ജനകീയ കോടതിയിൽ ദിലീപിനു വിജയമെന്നവകാശപ്പെട്ട് ലാൽ ജോസ് രംഗത്തെത്തിയതു.

എന്നാൽ ചിത്രത്തിന്റെ റിലീസ് ദിവസത്തെ തള്ളിക്കയറ്റം ഫാൻസ് അസ്സോസിയേഷനുകൾ സൃഷ്ടിക്കുന്ന പെയ്ഡ് ക്യാമ്പയിന്റെ ഭാഗമാണെന്നാണു റിപ്പോർട്ടുകൾ. ജനപ്രിയ നായകൻ ലേബലിൽ തിളങ്ങിയിരുന്ന ദിലീപിന്റെ ചിത്രങ്ങൾക്ക് സാധാരണഗതിയിൽ എത്താറുള്ള കുടുംബപ്രേക്ഷകർ രാമലീല റിലീസ് ചെയ്യുന്ന തിയേറ്ററുകളിലേയ്ക്കെത്തിയിട്ടില്ലെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

Posted by Laljose on Thursday, September 28, 2017