ബിജെപിയിലും കുടുംബ രാഷ്ട്രീയം ശക്തം: ലോക്‌സഭയില്‍ 38, രാജ്യസഭയില്‍ 9പേരും കുടുംബ രാഷ്ട്രീയം പിന്തുടരുന്നവര്‍

single-img
28 September 2017

ഡല്‍ഹി: കോണ്‍ഗ്രസില്‍ മാത്രമല്ല ബിജെപിയിലും കുടുംബ രാഷ്ട്രീയം പിന്തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭയിലെ 38 പാര്‍ട്ടി അംഗങ്ങള്‍ കുടുംബ പാരമ്പര്യം കൊണ്ട് രാഷ്ട്രീയത്തില്‍ വന്നതാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ മുന്‍ ബിജെപി മുഖ്യമന്ത്രിമാരുടേയോ ഉപമുഖ്യമന്ത്രിമാരുടേയോ ബിജെപി നേതാക്കളുടേയോ മകനോ മകളോ ആണ്.

വാജ്‌പേയി മന്ത്രിസഭയിലെ അംഗമായിരുന്ന വേദ് പ്രകാശ് ഗോയലിന്റെ മകനാണ് മോദി മന്ത്രിസഭയില്‍ അംഗമായ പിയൂഷ് ഗോയല്‍. കൂടാതെ ചത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്, രജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ, മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിങ് തുടങ്ങിയവരാണ് കുടുംബ രാഷ്ട്രീയം പിന്തുടരുന്ന ബിജെപിയിലെ പ്രമുഖര്‍.

രാജ്യസഭയിലും കുടുംബ രാഷ്ട്രീയം പിന്തുടര്‍ന്ന് എത്തിയവരുണ്ട്. അങ്ങനെയുള്ള 9 പേരാണ് രാജ്യസഭയിലുള്ളത്. 75 അംഗ ബിജെപി മന്ത്രിസഭയില്‍ 15 പേരും കുടുംബ രാഷ്ട്രീയം വഴി എത്തിയവരാണ്. ഉത്തര്‍പ്രദേശാണ് ബിജെപിയുടെ കുടുംബ രാഷ്ട്രീയത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

യുപിയിലെ 71 എംപിമാരില്‍ 12 പേരും ബിജെപി നേതാക്കളുടെ മക്കളാണ്. ബിഹാറില്‍ 5 പേരും മഹരാഷ്ട്രയില്‍ മൂന്നു പേരുമുണ്ട്. ഇന്ത്യയിലെ ഭൂരിഭാഗം പാര്‍ട്ടികളില്‍ കുടുംബാധിപത്യമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്തവന ഏറെ വിവാദമായിരുന്നു.

ബോളിവുഡ് നടനായ അഭിഷേക് ബച്ചന്‍ പോലും കുടുംബ വാഴ്ചയുടെ ഭാഗമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ കുടുംബ വാഴ്ച പ്രസ്തവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കുടുംബ രാഷ്ട്രീയത്തിലല്ല പ്രവര്‍ത്തന മികവിലാണ് പ്രധാന്യം കൊടുക്കുന്നതെന്നും കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പ്രതികരിച്ചിരുന്നു.

ബിജെപി വിശ്വസിക്കുന്ന രാഷ്ട്രീയം രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിനു വേണ്ടിയുള്ളതാണെന്നും അവരുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതാണ് ബിജെപിയുടെ രാഷ്ട്രീയമെന്നു ദേശീയ അധൃക്ഷന്‍ അമിത് ഷായും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയിലും കുടുംബ രാഷ്ട്രീയം ശക്തമെന്ന് കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.