ഷാളുപയോഗിച്ച് കെട്ടിയിട്ട് മര്‍ദ്ദിക്കും, നിലവിളി പുറത്തുകേള്‍ക്കാതിരിക്കാന്‍ ഉറക്കെ പാട്ടുവെയ്ക്കും: മതംമാറ്റല്‍ കേന്ദ്രത്തില്‍ നിന്നും മതില്‍ ചാടി രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

single-img
27 September 2017

തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി യോഗ കേന്ദ്രത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ക്രൂരമായ പീഡനങ്ങളാണ് ഘര്‍വാപ്പസി കേന്ദ്രത്തില്‍ നേരിടേണ്ടിവന്നതെന്ന് മതില്‍ ചാടി രക്ഷപ്പെട്ട പെണ്‍കുട്ടികളിലൊരാള്‍ വെളിപ്പെടുത്തി.

മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള അതിക്രമങ്ങളാണ് അവിടെ നടക്കുന്നത്. കരാട്ടെ അധ്യാപകരാണ് പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നത്. ഇവര്‍ക്കൊപ്പം ശിവശക്തി കേന്ദ്രത്തിലെ സ്ത്രീകളും മര്‍ദ്ദനത്തിന് നേതൃത്വം നല്‍കി.

ഷാളുപയോഗിച്ച് കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. നിരവധിപേരെ ഇത്തരത്തില്‍ മര്‍ദ്ദിച്ചിട്ടുണ്ട്. നിലവിളി പുറത്തുകേള്‍ക്കാതിരിക്കാനായി ഉറക്കെ പാട്ടുവെയ്ക്കുമായിരുന്നെന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പ്രമുഖ ചാനലിനോട് വെളിപ്പെടുത്തി.

പുറം ലോകവുമായി ബന്ധപ്പെടാനുള്ള അവസരങ്ങള്‍ യോഗകേന്ദ്രത്തിലെ അധികൃതര്‍ നിഷേധിച്ചിരുന്നു. ഫോണ്‍ ചെയ്യാന്‍ പോലും അനുവധിച്ചിരുന്നില്ല. മാത്രമല്ല രോഗം വന്നാല്‍ ചികിത്സിക്കാന്‍ പോലും ഇവര്‍ തയ്യാറായിരുന്നില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

ഇവിടുത്തെ പീഡനം സഹിക്കാനാവാതെയാണ് രക്ഷപ്പെട്ടത്. മതില്‍ ചാടിയാണ് രക്ഷപ്പെട്ടതെന്നും തനിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും രക്ഷപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

നേരത്തെ, ശിവശക്തി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ 65 പെണ്‍കുട്ടികള്‍ തടവിലാണെന്നും ഇവരില്‍ പലരും മര്‍ദ്ദനവും ലൈംഗീക ചൂഷണവുമുള്‍പ്പെടെയുള്ള ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്നതായും ഡോ. ശ്വേത എന്ന യുവതി പറഞ്ഞിരുന്നു.

തുറന്നിട്ട ഡോര്‍മിറ്ററിയിലാണ് അന്തേവാസികള്‍ രാത്രിയില്‍ ഉറങ്ങുന്നത്. ബാത്‌റൂമിന്റെ വാതിലുകള്‍ക്ക് കൊളുത്തില്ല. കഴുകിയവ ഉണങ്ങാന്‍ സൗകര്യമില്ലാത്തതിനാല്‍ നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ യുവതികള്‍ നിര്‍ബന്ധിതരാകുന്നു. പലരും രോഗികളാണെങ്കിലും ശരിയായ ചികിത്സ നല്‍കാറില്ല.

കൗണ്‍സിലര്‍മാര്‍ ഇന്റര്‍നെറ്റില്‍ പരതിയാണ് മരുന്ന് നിശ്ചയിക്കുന്നത്. ദുരിതം സഹിക്കാനാകാതെ, വീട്ടുകാര്‍ പറയുന്നതെല്ലാം അനുസരിക്കാമെന്ന് സമ്മതിച്ച് 22 ദിവസത്തിനുശേഷം പുറത്തിറങ്ങിയ ശേഷം മൂവാറ്റുപുഴയിലെ സഹോദരിയുടെ വീട്ടില്‍നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.

ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ തന്നെ കൈകാലുകളും വായും തുണികൊണ്ട് കെട്ടി യോഗ സെന്ററില്‍ വെച്ച് നിരന്തരം മര്‍ദ്ദിച്ചുവെന്ന് ഡോ. ശ്വേത എന്ന യുവതി പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ യുവാവായ റിന്റോയുമായുള്ള വിവാഹത്തെ ശക്തമായി എതിര്‍ത്ത ശ്വേതയുടെ വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചു.

എന്നാല്‍, ശ്വേത ഇതിനെതിരെ കണ്ണൂര്‍ കുടുംബകോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചു. തുടര്‍ന്ന്, വീട്ടുകാര്‍ തന്ത്രപരമായി ശ്വേതയെ മൂവാറ്റുപുഴ ആവോലിയിലുള്ള സഹോദരിയുടെ വീട്ടിലെത്തിച്ചു. യോഗ പഠിക്കുന്ന സഹോദരിക്കൊപ്പം പോകണമെന്ന് സഹോദരി ഭര്‍ത്താവ് മനു ആവശ്യപ്പെട്ടതനുസരിച്ചാണ് ശ്വേത സ്ഥാപനത്തിലെത്തിയത്.

മനോജ് ഗുരുജി എന്നയാളാണ് ഇതിന്റെ നടത്തിപ്പുകാരന്‍. ഇവിടെ 22 ദിവസം മനോജിന്റെയും ഹൈക്കോടതി അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ശ്രീജേഷിന്റെയും കൗണ്‍സിലര്‍മാരായ സ്മിത, ലക്ഷ്മി, സുജിത് എന്നിവരുടെയും ക്രൂരതക്ക് ഇരയാകേണ്ടിവന്നു.

മൊബൈല്‍ ഫോണും മറ്റു സാധനങ്ങളും വാങ്ങിവെച്ചശേഷം ഇവര്‍ ശ്വേതയെ കൈകാലുകളും വായും തുണികൊണ്ട് കെട്ടി നിരന്തരം മര്‍ദിച്ചു. ക്രിസ്ത്യാനിയെ വിവാഹംചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വസ്ത്രം വലിച്ചുകീറി.

ഇസ്‌ലാം, ക്രിസ്ത്യന്‍ മതങ്ങളോട് വിദ്വേഷം വളര്‍ത്തുന്ന ക്ലാസുകളാണ് അവിടെ നടത്തുന്നത്. റിന്റോക്കൊപ്പം പോയാല്‍ കൊന്നുകളയുമെന്ന് മനോജ് ഗുരുജി ഇടക്കിടെ ഭീഷണിപ്പെടുത്തി. മാതാപിതാക്കള്‍ പറയുന്നതനുസരിച്ച് ഹിന്ദുവിനെ വിവാഹം കഴിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. നിലം തുടക്കലും പാചകവുമടക്കം വീട്ടുവേലക്കാരിയുടെ ജോലികളാണ് ശ്വേതയെക്കൊണ്ട് ചെയ്യിച്ചിരുന്നത്. ഇതോടെയാണ് പരാതി പുറം ലോകത്ത് എത്തുന്നത്.

ഈ വാര്‍ത്ത പുറത്ത് വന്നശേഷം പേലീസ് സംഘമെത്തി ഇവിടത്തെ അന്തേവാസികളുടെ മൊഴി രേഖപ്പെടുത്തി. ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിചേര്‍ത്ത ആറു പേരെയും അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ യോഗാ കേന്ദ്രത്തിലെ ജീവനക്കാരനെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുള്ളു.

ഒളിവിലുള്ള പ്രതികള്‍ക്കായി പോലീസ് അന്വഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച മൊഴികളനുസരിച്ച് കൂടുതല്‍ പേരെ പ്രതിചേര്‍ക്കും. പരാതി നല്‍കിയ പെണ്‍കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ട്.