കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ: ജിഎസ്ടിയും നോട്ടുനിരോധനവും വലിയ സാമ്പത്തിക ദുരന്തമുണ്ടാക്കി

single-img
27 September 2017

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ചരക്കുസേവന നികുതിയും നോട്ടുനിരോധനവും വലിയ സാമ്പത്തിക ദുരന്തമാണ് സമ്മാനിച്ചതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി തന്നെ തുറന്ന് സമ്മതിച്ചതിന് പിന്നാലെയാണ് രൂക്ഷമായ വിമര്‍ശനങ്ങളുമായി ബിജെപി നേതാവ് രംഗത്തെത്തിയിരിക്കുന്നത്

നിലവിലെ സ്ഥിതിയില്‍ ബിജെപിക്കുള്ളില്‍ തന്നെ കടുത്ത അതൃപ്തിയുണ്ട്. പേടി കാരണം ആരും തുറന്ന് പറയുന്നില്ലെന്നും തെറ്റായി വിഭാവനം ചെയ്ത് മോശമായി നടപ്പാക്കിയ പദ്ധതിയാണ് ജിഎസ്ടിയെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ ‘എനിക്കിപ്പോള്‍ സംസാരിക്കണം’ എന്നപേരില്‍ എഴുതിയ ലേഖനത്തില്‍ സിന്‍ഹ പറയുന്നു.

ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലി താറുമാറാക്കിയ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് താന്‍ ഇപ്പോഴെങ്കിലും സംസാരിച്ചില്ലെങ്കില്‍ അത് രാജ്യത്തോടുള്ള കടമ നിറവേറ്റുന്നതില്‍ തന്റെ പരാജയമായിരിക്കുമെന്നും സിന്‍ഹ പറഞ്ഞു. സ്വകാര്യ നിക്ഷേപവും വ്യാവസായിക ഉത്പാദനവും കുത്തനെ കുറഞ്ഞു.

കാര്‍ഷികരംഗത്തും തകര്‍ച്ചയാണുള്ളത്. വന്‍ തൊഴില്‍ദായകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ല. സര്‍വീസ് സെക്ടറും മന്ദഗതിയിലാണ് നീങ്ങുന്നത്. സമ്പദ്‌വ്യവസ്ഥ ദുരന്തത്തിലേക്ക് നീങ്ങുകയാണെന്നും വാജ്‌പേയ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാണിക്കുന്നു.

നോട്ട് നിരോധനം ലഘൂകരിക്കാനാവാത്ത ദുരന്തമായിരുന്നു. ജി.എസ്. ടി തെറ്റായി വിഭാവനം ചെയ്ത് മോശമായി നടപ്പാക്കിയതിലൂടെ നിരവധി ചെറുകിട സംരംഭങ്ങള്‍ തകര്‍ന്നു. ദശലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നും സിന്‍ഹ പറഞ്ഞു. വളര്‍ച്ച കണക്കുകൂട്ടുന്ന രീതി ശാസ്ത്രം ബി.ജെ.പി മാറ്റണമെന്നും ജി.ഡി.പി യഥാര്‍ത്ഥത്തില്‍ പുറത്തു വന്നതിനേക്കാള്‍ താഴ്ചയിലാണെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.

സര്‍ക്കാര്‍ വളര്‍ച്ചാ നിരക്ക് 5.7 ശതമാനമാണെന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അത് 3.7 ശതമാനമോ അതില്‍ കുറവോ ആണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് റെയ്ഡ് രാജ്’ ആണ് നടക്കുന്നത്. ബി.ജെ.പി പ്രതിപക്ഷമായിരുന്നപ്പോള്‍ റെയ്ഡ് രാജിനെതിരെ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.

നോട്ട് നിരോധനത്തിന് മുമ്പ് ആദായനികുതി വകുപ്പ് ദശലക്ഷകണക്കിന് ആളുകളെ ബാധിക്കുന്ന നിരവധി കേസുകള്‍ ഉത്തരവാദിത്വത്തോടെ അന്വേഷിച്ചുവന്നിരുന്നു. എന്നാല്‍ ഇന്ന് എന്‍ഫോഴ്‌സ്മന്റെ് ഡയറക്‌ട്രേറ്റിനും സി.ബി.ഐക്കും ധാരാളം കേസുകളായി. റെയ്ഡുകളിലൂടെ ജനങ്ങളുടെ മനസ്സിനെ ഭീതിപ്പെടുത്തുന്ന ഒരു കളിയാണ് ഫന്‍ഫോഴ്‌സ്‌മെന്റും സി.ബി.ഐയും നടത്തുന്നത്.

ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയും അദ്ദേഹം കടുത്ത വിമര്‍ശനമാണ് നടത്തിയത്. ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നിട്ടും ധനസമാഹരണത്തിലൂടെ സാമ്പത്തിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജെയ്റ്റിലി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യം വളരെ അടുത്ത് നിന്ന് കണ്ടിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ അത്തൊരുമൊരു അനുഭവം എല്ലാ ഇന്ത്യക്കാര്‍ക്കും നല്‍കാനാണ് അദ്ദേഹത്തിന്റെ ധനകാര്യമന്ത്രി ഇപ്പോള്‍ അധിക ജോലിയെടുക്കുന്നതെന്നും സിന്‍ഹ പരിഹസിച്ചു.