യുഎഇയില്‍ മലയാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് പുതിയ നിയമം

single-img
27 September 2017

അബുദാബി: പരിഷ്‌കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. വീട്ടുവേലക്കാര്‍, ബോട്ടുതൊഴിലാളികള്‍, തോട്ടക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, സ്വകാര്യ പരിശീലകര്‍, കൃഷിയിടങ്ങളിലെ തൊഴിലാളികള്‍, ഗാര്‍ഡുകള്‍ തുടങ്ങി 19 തൊഴില്‍വിഭാഗങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും.

മൂന്ന് മാസത്തെ ശമ്പളം ലഭിക്കാത്ത വീട്ടുവേലക്കാരി, ഹൗസ് ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലുടമയുടെ അനുമതി ഇല്ലാതെതന്നെ മറ്റൊരാളുടെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ തൊഴില്‍ മന്ത്രാലയം അനുവദിക്കും.

തൊഴിലാളികളുടെ മുഴുവന്‍ അവകാശങ്ങളും അംഗീകരിക്കുന്ന നിയമം തൊഴിലാളികളും തൊഴില്‍ദാതാക്കളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ സഹായിക്കുമെന്ന് സ്വദേശീവത്കരണ മാനവശേഷി വികസനമന്ത്രി സഖര്‍ ഗൊബാഷ് സായിദ് ഗൊബാഷ് വ്യക്തമാക്കി.

നിയമാനുസൃതം അനുമതിയില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര തൊഴില്‍നിയമ നിലവാരത്തിലേക്ക് യു.എ.ഇ. ഉയരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഔദ്യോഗിക ഗസറ്റ് പ്രഖ്യാപനത്തിന് രണ്ടുമാസത്തിനുശേഷം നിയമം പ്രാബല്യത്തില്‍വരും. സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പുതിയ നിയമം മാനവവിഭവശേഷി വകുപ്പിലും കോടതികളിലുമുള്ള ട്രിബ്യൂണലുകളെ സമീപിക്കാന്‍ തൊഴിലാളികളെ സഹായിക്കുന്നതാണ്.

ഗാര്‍ഹികത്തൊഴിലാളിയുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സ് ആയിരിക്കും. ആഴ്ചയില്‍ ഒരുദിവസത്തെ അവധിക്കും വര്‍ഷത്തില്‍ 30 ദിവസം വേതനത്തോടെയുള്ള അവധിക്കും പാസ്‌പോര്‍ട്ടുകളടക്കമുള്ള വ്യക്തിഗത രേഖകള്‍ കൈവശംവയ്ക്കാനുള്ള അവകാശവും ഇവര്‍ക്ക് ലഭിക്കും.

എട്ട് മണിക്കൂര്‍ തുടര്‍ച്ചയായതടക്കം ദിവസം 12 മണിക്കൂര്‍ ഒഴിവുസമയവും അനുവദിക്കും. തൊഴിലാളിക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ, വര്‍ഷം 30 ദിവസം മെഡിക്കല്‍ ലീവ്, രണ്ടുവര്‍ഷം കൂടുമ്പോള്‍ വീട്ടില്‍ പോയിവരാനുള്ള വിമാനടിക്കറ്റ്, അനുയോജ്യമായ താമസസ്ഥലം, തൊഴിലുടമയുടെ ചെലവില്‍ നല്ല ഭക്ഷണം, വസ്ത്രം വാങ്ങാന്‍ ശേഷിയില്ലെങ്കില്‍ തൊഴിലുടമയുടെ ചെലവില്‍ നല്‍കണം, തുടങ്ങിയ നിര്‍ദേശങ്ങളും പരിഷ്‌കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ജോലിയുടെ സ്വഭാവം, ജോലിസ്ഥലം, ശമ്പളം, വിശ്രമസമയം തുടങ്ങിയ കാര്യങ്ങള്‍ സ്വന്തം രാജ്യാതിര്‍ത്തി കടക്കുന്നതിനുമുന്‍പേ തൊഴിലാളികളെ പ്ലെയ്‌സ്‌മെന്റ് ഏജന്‍സികള്‍ അറിയിച്ചിരിക്കണം. ഇതില്‍ വീഴ്ചവരുത്തിയാല്‍ ജോലി ഏറ്റെടുക്കാതിരിക്കാനുള്ള അവകാശം തൊഴിലാളിക്കുണ്ടായിരിക്കും.

അങ്ങനെയുള്ളവര്‍ക്ക് സ്വരാജ്യത്തേക്ക് തിരിച്ചുപോകാനുള്ള ചെലവ് ഏജന്‍സി വഹിക്കണം. ആദ്യത്തെ ആറുമാസത്തെ പ്രൊബേഷന്‍ കാലയളവില്‍ തൊഴിലുടമയ്ക്ക് തൊഴിലാളിയെ പിരിച്ചുവിടാനുള്ള അവകാശമുണ്ട്. എന്നാല്‍, തൊഴിലാളിയെ സ്വരാജ്യത്തേക്ക് തിരിച്ചയക്കാനുള്ള എല്ലാ ചെലവും ഏജന്‍സികള്‍ വഹിക്കണം.

തൊഴിലാളികള്‍ സ്വന്തം ഇഷ്ടപ്രകാരം കരാറില്‍നിന്ന് പിന്മാറിയാല്‍ ഏജന്‍സികള്‍ തൊഴിലുടമയില്‍നിന്ന് വാങ്ങിയ പണം തിരികെനല്‍കണം. എല്ലാ മാസവും പത്താം തീയതിക്കുള്ളില്‍ ശമ്പളം ലഭിക്കണം. ശമ്പളത്തില്‍നിന്ന് പണം കുറയ്ക്കാന്‍ പാടില്ല. എന്തെങ്കിലും നാശനഷ്ടമുണ്ടാക്കിയാല്‍ അത് കോടതിവിധിപ്രകാരം മാത്രം ശമ്പളത്തില്‍നിന്ന് തിരിച്ചുപിടിക്കാം.

ജോലി വിടുന്നതിനുമുന്‍പ് മന്ത്രാലയത്തെ 48 മണിക്കൂറിനുള്ളില്‍ അറിയിക്കണം. ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള കത്തിന്റെ പകര്‍പ്പ് റിക്രൂട്ടിങ് ഏജന്‍സി മന്ത്രാലയത്തെ കാണിക്കണം. അതില്‍ സ്വരാജ്യത്തേക്കുള്ള തൊഴിലാളിയുടെ തിരിച്ചുപോക്ക് എന്നാണ് എന്ന് രേഖപ്പെടുത്തിയിരിക്കണം തുടങ്ങിയ കാര്യങ്ങളും വ്യവസ്ഥ ചെയ്തിട്ടുണ്ട്.