പിണറായി സര്‍ക്കാര്‍ ടി.പി വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കിയതിന്റെ തെളിവുകള്‍ പുറത്ത്

single-img
27 September 2017

കണ്ണുര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ വഴിവിട്ട് പരോള്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. സി.പി.എം പ്രദേശിക നേതാക്കളായ പ്രതികള്‍ക്കാണ് ചട്ടം ലംഘിച്ച് ജയില്‍ വകുപ്പ് പരോള്‍ നല്‍കിയിരിക്കുന്നത്. കേസിലെ 13ാം പ്രതി കുഞ്ഞനന്തന് 139 ദിവസവും എട്ടാം പ്രതി കെ.സി രാമചന്ദ്രന് മൂന്നു മാസവുമാണ് പരോള്‍ നല്‍കിയത്.

ചട്ടം അനുസരിച്ച് ജയില്‍പുള്ളികള്‍ക്ക് ഒരു വര്‍ഷം 60 ദിവസം മാത്രമാണ് പരോളിന് അര്‍ഹതയുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ 15 ദിവസവും 6 മാസത്തിനുള്ളല്‍ പരമാവധി 30 ദിവസവും. ഇതൊക്കെ മറികടന്നാണ് സര്‍ക്കാര്‍ അടിയന്തിര അവധികള്‍ അനുവദിച്ചിരിക്കുന്നത്.

അടുത്ത ബന്ധുക്കള്‍ ഗുരുതരാവസ്ഥയിലാണെന്ന് കാണിച്ചാണ് ചില അടിയന്തിര അവധികള്‍ സര്‍ക്കാര്‍ അനുവദിച്ചത്. ഇതിന് പുറമെ പ്രധാന പ്രതികളിലൊരാളായ ടി.കെ രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത് സര്‍ക്കാര്‍ ഇടപെട്ടാണ്.

പ്രധാന പ്രതികളില്‍ ഒരാളായ മുഹമ്മദ് ഷാഫിക്ക് വിവാഹത്തിനായി നേരത്തെ ഒരു മാസം പരോള്‍ അനുവദിച്ചിരുന്നു. ഷാഫിയുടെ വിവാഹത്തിന് സി.പി.എം എംഎല്‍എ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. പോലീസ് രഹസ്യമായി ഒരുക്കിയ സുരക്ഷയിലായിരുന്നു ഷാഫിയുടെ വിവാഹം.

ടി.പി ചന്ദ്രശേഖരന്റെ വിധവയും ആര്‍.എം.പി നേതാവുമായ കെ.കെ രമ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ജയില്‍ മേധാവി ഇക്കാര്യം വ്യക്തമാക്കി മറുപടി നല്‍കിയത്. രാഷ്ട്രീയ കാരണം മൂലമാകാം ജയില്‍വകുപ്പ് ഇതിന് കൂട്ടുനിന്നതെന്നും വിശദമായ അന്വേഷണം വേണമെന്നും കെ.കെ രമ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

രണ്ടു മാസം മുന്‍പും ഇത്തരം ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയൊന്നുമുണ്ടായിട്ടില്ല. ചട്ടലംഘനങ്ങള്‍ തുടരുകയും ചെയ്തു. നിലവില്‍ കുഞ്ഞനന്തനും രാമചന്ദ്രനും പരോളിലാണെന്നാണ് വിവരം.