തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സ്ഥിരീകരിച്ച് കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട്

single-img
27 September 2017


ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സ്ഥിരീകരിച്ച് കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട്. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ മൂന്നാം വകുപ്പ് തോമസ് ചാണ്ടി ലംഘിച്ചു. നിയമലംഘനം വ്യക്തമെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ലേക്ക് പാലസിലെ കാര്‍ പാര്‍ക്കിംഗ് ഏരിയക്കായി വയല്‍ നികത്തി. വയല്‍ നികത്തല്‍ നടന്നത് 2014ന് ശേഷമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ മൂന്നാം വകുപ്പ് തോമസ് ചാണ്ടി ലംഘിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡും അനധികൃതമായാണ് നിര്‍മിച്ചിരിക്കുന്നത്. റിസോര്‍ട്ടിന് സമീപത്തെ നീര്‍ച്ചാല്‍ അനുമതിയില്ലാതെ തിരിച്ച് വിട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നും നിലം നികത്തല്‍ വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വയല്‍ നികത്തല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അന്നത്തെ ജില്ലാ കളക്ടര്‍ പത്മകുമാര്‍ ആര്‍ഡിഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും നടപ്പാക്കിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 12-11-2014 ലാണ് കളക്ടര്‍ ആര്‍ഡിഒയ്ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

ഈ മാസം 22 നാണ് കളക്ടര്‍ റവന്യൂമന്ത്രി, റവന്യൂ സെക്രട്ടറി എന്നിവര്‍ക്ക് നേരിട്ട് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം റിസോര്‍ട്ടിന്റെ ഉടമസ്ഥാവകാശമുള്ളവരെ കളക്ടര്‍ ഹിയറിംഗിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ വ്യക്തമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ഉടമകള്‍ക്ക് സാധിച്ചില്ല. അതിനാല്‍ ഒക്ടോബര്‍ നാലിന് വിശദമായ രേഖകള്‍ ഹാജരാക്കണമെന്ന് കളക്ടര്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്.