ദിലീപ് ചിത്രം രാമലീല നാളെ തിയേറ്ററുകളിലേക്ക്: ആകാംക്ഷയില്‍ പ്രേക്ഷകര്‍

single-img
27 September 2017

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ മാസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ രാമലീല നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനു തയ്യാറെടുക്കുന്നതിനിടയിലാണ് നായകനായ ദിലീപ് അറസ്റ്റിലായത്. തുടര്‍ന്ന് സിനിമയുടെ റിലീസ് നീളുകയായിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ചിത്രം നാളെ റിലീസ് ചെയ്യുകയാണ്.

നടന് ജാമ്യം കിട്ടിയ ശേഷം റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും നാല് തവണ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇനിയും റിലീസ് വൈകിക്കേണ്ടയെന്ന് തീരുമാനിക്കുകയായിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ ഒരു വിഭാഗം വ്യാപക പ്രതിഷേധം അറിയിച്ചിരുന്നു.

വനിതാ സംഘടനയുടെ നേതൃത്വത്തില്‍ തിയേറ്ററുകള്‍ ഉപരോധിക്കണമെന്ന തരത്തില്‍ വരെ കാര്യങ്ങളെത്തി. ഈ സാഹചര്യത്തില്‍ സിനിമ റിലീസ് ചെയ്യാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ സിനിമാ റിലീസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇതോടെ നാളെ സിനിമ റിലീസ് ചെയ്യുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന വെല്ലുവിളികളില്‍ സിനിമാ ലോകം മുഴുവന്‍ ആശങ്കയിലാണ്.

ചതിയുടെയും വഞ്ചനയുടെയും പടുകുഴിയില്‍ അകപ്പെട്ട് നിസ്സഹായനായി പോകുകയും പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന രാമനുണ്ണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. നടന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് സമാനമായ സിനിമ എന്ന ഖ്യാതി നേരത്തെ തന്നെ പരന്നിരുന്നു.

മാസങ്ങള്‍ക്കു മുന്‍പ് സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ചില രംഗങ്ങള്‍ അതേപടി ദിലീപിന്റെ ജീവിതത്തിലും ആവര്‍ത്തിക്കുകയായിരുന്നെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററിലൂടെ വ്യക്തമാകുന്നത്. പോലീസ് സംരക്ഷണയില്‍ അച്ഛന് ശ്രാദ്ധമിടുന്ന രംഗങ്ങള്‍ ദിലീപിന്റെ യഥാര്‍ത്ഥ ജീവിതത്തിലും ആവര്‍ത്തിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കുന്നതിന് രണ്ടു മണിക്കൂര്‍ നേരത്തേക്ക് കോടതി അനുമതിയോടെ പുറത്തിറങ്ങിയിരുന്നു.

അതേസമയം രാമലീലയുടെ റിലീസിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മലയാളസിനിമാ ലോകത്തുനിന്നും നിരവധി പേര്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. നവാഗതനായ അരുണ്‍ ഗോപി എന്ന സംവിധായകന്റെ ഉള്‍പ്പടെ നിരവധി സിനിമാ പ്രവര്‍ത്തകരുടെ പ്രയത്‌നത്തെ മാനിക്കണമെന്ന് പറഞ്ഞാണ് സംവിധായകന്‍ ആഷിക് അബു അടക്കമുള്ളവര്‍ രംഗത്തെത്തിയത്.

ദിലീപിന്റെ രാമലീലയ്ക്ക് കട്ടപിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത് മലയാളത്തിലേയും, തമിഴിലേയും പ്രമുഖ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ കൂടിയാണ്. മമ്മുക്ക ഫാന്‍സ്, തമിഴിന്റെ ഇളയദളപതി വിജയ് ഫാന്‍സ്, ലാലേട്ടന്‍ ഫാന്‍സ് ഉള്‍പ്പെടെയുള്ള ഫാന്‍സ് അസോസിയേഷനുകളാണ് നാളെ റിലീസിനൊരുങ്ങുന്ന രാമലീലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ചവിട്ടി താഴ്ത്താന്‍ ഒരുപാട് പേര്‍ ഉണ്ടാകും, കൂടെ നില്‍ക്കാന്‍ ആരും ഉണ്ടായിയെന്ന് വരില്ല… കുറ്റം തെളിയും വരെ ദിലീപേട്ടനൊപ്പം എന്ന് പറഞ്ഞാണ് തമിഴിന്റെ ഹീറോ അജിത്ത് ഫാന്‍സ് അസോസിയേഷന്‍ ദിലീപിനു വേണ്ടി ക്യാംപെയിന്‍ നടത്തുന്നത്.

പ്രതി ഞാന്‍ ആവണമെന്ന് ഒരു തീരുമാനം ഉള്ളതുപോലെ എന്ന് അല്ലു ഫാന്‍സ് അസോസിയേഷന്‍ പ്രഖ്യാപിച്ചപ്പോള്‍ തോല്‍പ്പിച്ചവരെയും, ഒറ്റപ്പെടുത്തിയവരേയും , കുറ്റപ്പെടുത്തിയവരേയും നോക്കി പുഞ്ചിരിക്കുന്ന കാലം വിദൂരമല്ല എന്ന പ്രത്യാശയോടെയാണ് സൂര്യ ഫാന്‍സ് രംഗത്തെത്തിയിരിക്കുന്നത്. ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷന്‍ ദിലീപേട്ടനൊപ്പം എന്ന് പോസ്റ്ററാണ് ഇറക്കിയിരിക്കുന്നത്.

അതേസമയം ദിലീപും, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരും തമ്മിലുള്ള ആദ്യ നേര്‍ക്കുനേര്‍ പോരാട്ടത്തിനു കൂടിയാണ് നാളെ മലയാള സിനിമ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും നാളെയാണ് തിയറ്ററുകളില്‍ എത്തുക.

വിവാഹത്തിന് മുന്‍പോ വേര്‍പിരിയല്‍ കഴിഞ്ഞോ ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ചെത്തിയിട്ടില്ല. അതിനാല്‍ തന്നെ ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പം എന്നത് ആരാധകരെയും ആകാംഷയിലാക്കുന്നു.

ദിലീപുമായുള്ള വിവാഹ മോചനത്തിനു ശേഷം മഞ്ജുവിനു കിട്ടുന്ന പ്രേഷക സപ്പോര്‍ട്ട് വളരെ വലുതാണ്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെ ദിലീപിന്റെ ജനപ്രിയതയ്ക്ക് മാറ്റു കുറഞ്ഞിരിക്കുകയാണ് അതുകൊണ്ടുതന്നെ ദിലീപോ മഞ്ജു വാര്യരോ എന്ന ആകാംഷയിലാണ് പ്രേഷകര്‍.