ബിഗ് ബജറ്റ് സ്മാര്‍ട്‌ഫോണായ നോകിയ 8 ഇന്ത്യയില്‍ പുറത്തിറക്കി

single-img
27 September 2017

നോകിയ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബജറ്റ് സ്മാര്‍ട്‌ഫോണായ നോകിയ 8 ഇന്ത്യയില്‍ പുറത്തിറക്കി. 36,999 രൂപയാണ് വില. ഡ്യുവല്‍ സൈറ്റ് മോഡ് ആണ് ഏറ്റവും പ്രധാന പ്രത്യേകത. മുന്‍വശവും പിന്‍വശവും ഒരേ സമയം ഉപയോഗിക്കാമെന്നതാണ് സവിശേഷത.

ഇരുവശങ്ങളിലുമുള്ള ക്യാമറകളുപയോഗിച്ച് ഒരേസമയം വീഡിയോയും റെക്കോഡും ചെയ്യാം. ഫ്രണ്ട് ക്യാമറയില്‍ നിന്നും ബാക്ക് ക്യാമറയില്‍ നിന്നും ഒരേ സമയം ലൈവ് സ്ട്രീമിംഗ് നടത്താമെന്നതും സവിശേഷതയാണ്.

റെക്കോര്‍ഡ് ചെയ്യുന്നവ സ്‌ക്രീനില്‍ രണ്ടായി കാണാന്‍ സാധിക്കും. 13 മെഗാപിക്‌സലിന്റെ ഡ്യുവല്‍ ക്യാമറകളാണ് പിന്നിലുള്ളത്. മുന്നിലും 13 മെഗാപിക്‌സല്‍ തന്നെയാണ്. വെര്‍ച്വല്‍ റിയാലിറ്റി ഓസോ ഓഡിയോ സംവിധാനവും നോക്കിയ 8നെ ശ്രദ്ധേയമാക്കുന്നു. സ്‌നാപ്ഡ്രാഗന്‍ 835 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

64 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ടാകും. 5.3 ഇഞ്ച് 2 കെ എല്‍.സി.ഡി ഡിസ്‌പ്ലെയുളള ഹാന്‍ഡ്‌സെറ്റിന് 4 ജിബി റാമാണ് കരുത്ത് പകരുന്നത്. ഗൊറില്ല ഗ്ലാസ് 5ന്റെ സുരക്ഷയിലുള്ളതാണ് ഡിസ്‌പ്ലേ. 3090 എം.എ.എച്ച് ബാറ്ററിയും ഫോണിന് കരുത്ത് പകരുന്നു.

ഒക്ടോബര്‍ 14 മുതല്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും നോകിയ 8 മോഡലുകളുടെ വില്‍പന ആരംഭിക്കും. വിന്‍ഡോസ് ഫോണുകള്‍ പുറത്തിറക്കി പരാജയപ്പെട്ട നോകിയ ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് മോഡലുകളുമായി വിപണിയില്‍ ഇടംകണ്ടെത്താന്‍ ശ്രമിക്കുകയാണ്. നേരത്തെ വിലകുറഞ്ഞ മോഡലുകളായ നോകിയ 3, നോകിയ 5, നോകിയ 6 എന്നിവ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.