മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിനെ നയിക്കും

single-img
27 September 2017

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജ്യോതിരാദിത്യ സിന്ധ്യ നയിക്കുമെന്ന് മുതിര്‍ന്ന നേതാവ് കമല്‍നാഥ്. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതയില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി.

മുന്‍മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് ശനിയാഴ്ച നര്‍മ്മദാ യാത്ര ആരംഭിക്കുകയാണ്. നര്‍മ്മദാ നദിയുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തിക്കാട്ടി 3000 കിലോമീറ്റര്‍ യാത്ര നടത്താനാണ് ദിഗ് വിജയ് സിംഗിന്റെ പരിപാടി. ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണെന്ന പ്രചാരണം സജീവമായിരുന്നു.

ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് ആരെന്ന അഭ്യൂഹവും ശക്തമായിരുന്നു. മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, രാഹുല്‍ ഗാന്ധിയുടെ യംഗ് ബ്രിഗേഡില്‍പ്പെടുന്ന നേതാവാണ്. ഗ്വാളിയോര്‍ രാജകുടുംബാംഗമായ ജ്യോതിരാദിത്യ സിന്ധ്യ, വിമാനാപകടത്തില്‍ മരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകനാണ്.

അതേസമയം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മൂന്നു തവണ മുഖ്യമന്ത്രി പദത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ശിവരാജ് സിംഗ് ചൗഹാന്‍, നാലാം തവണയും ഭരണം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്.