ഹലോ… ഞാന്‍ മമ്മൂട്ടിയാണ്: ആ ഫോണ്‍വിളി എത്തിയതോടെ ലിച്ചി ഇപ്പോള്‍ ഹാപ്പിയാണ്

single-img
27 September 2017

മമ്മൂട്ടി ആരാധകരുടെ ആക്രമണം നേരിട്ട നടി അന്ന രാജന്‍ എന്ന ലിച്ചിയ്ക്ക് ഒടുവില്‍ ആശ്വാസവുമായി നടന്‍ മമ്മുട്ടി എത്തി. മമ്മൂട്ടി തന്നെ നേരിട്ട് വിളിച്ചെന്നും, ഏത് സാഹചര്യവും നേരിടാന്‍ ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതിയെന്നും ലിച്ചി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ലിച്ചി ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍, അതും അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയായതിന്റെ വിഷമത്തിലാണ് കഴിഞ്ഞ ദിവസം താന്‍ ലൈവില്‍ വന്നതെന്നും ഇന്ന് മമ്മൂക്ക തന്നെ വിളിച്ച് സംസാരിച്ചപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് താനിപ്പോഴെന്നും ലിച്ചി പറയുന്നു.

മമ്മൂട്ടിയോട് സംസാരിച്ചത് ഒരു സ്വപ്നം പോലെയാണ് തോന്നുന്നതെന്നും, അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിനു ശേഷം നായികയാവാന്‍ തനിക്ക് ലഭിച്ച ക്ഷണം മമ്മൂട്ടിയോടൊപ്പമായിരുന്നുവെന്നും ലിച്ചി പറയുന്നു. എന്നാല്‍ ആ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോയ അവസരത്തിലാണ് താന്‍ ലാലേട്ടനോടൊപ്പം വെളിപാടിന്റെ പുസ്തകത്തില്‍ എത്തിയത്.

ഉടന്‍ തന്നെ മമ്മൂട്ടിയോടൊപ്പം ഒരു ചിത്രം സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയുണ്ടെന്നും ലിച്ചി പറയുന്നു. രണ്ടു ചിത്രങ്ങളില്‍ മാത്രമഭിനയിച്ച തന്നെ വിളിച്ചു ആശ്വസിപ്പിക്കാന്‍ കാണിച്ച ആ വലിയ മനസിന് നന്ദിയുണ്ടെന്നും ലിച്ചി പറയുന്നു.

സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലിച്ചി മമ്മുട്ടിയെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതോടെ ലിച്ചിയ്ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത ആക്രമണമായിരുന്നു. ആരാധകര്‍ ലിച്ചിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ അസഭ്യം പറയുകയും ഇതിനെ തുടര്‍ന്ന് പേജിലൂടെ ലൈവിലെത്തി താരം മാപ്പ് പറയുകയും ചെയ്തിരുന്നു.
സ്വകാര്യ ചാനലിന്റെ അഭിമുഖത്തിനിടയ്ക്ക് മമ്മുട്ടിയും, ദുല്‍ക്കറും ഒരുമിച്ച് അഭിനയിച്ചാല്‍ ആര് നായകനാകണമെന്ന കുസൃതി ചോദ്യമാണ് അവതാരക ലിച്ചിയോട് ചോദിച്ചത്.

ദുല്‍ഖര്‍ നായകനും, മമ്മുട്ടി അച്ഛനുമാകട്ടെയെന്നും, ഇനി മമ്മുട്ടി നായകനാവുകയാണെങ്കില്‍ ദുല്‍ഖര്‍ അച്ഛനാകട്ടെയെന്നുമാണ് ലിച്ചി ചോദ്യത്തിന് മറുപടി നല്‍കിയത്. അത് തമാശയായിരുന്നുവെന്നും മമ്മുട്ടിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നും, ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അന്ന ഫെയ്‌സ്ബുക്ക് ലൈവിലെത്തി പറഞ്ഞിരുന്നു. പൊട്ടികരഞ്ഞും മാപ്പപേക്ഷിച്ചുമാണ് അന്ന ലൈവിലെത്തിയത്.