കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള നീക്കമില്ലെന്ന് സ്പീക്കര്‍; വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

single-img
27 September 2017

കുവൈത്തിലെ പതിനഞ്ചാമത് പാര്‍ലമെന്റ് പിരിച്ചുവിടുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം. അത്തരത്തിലുള്ള പ്രചാരണങ്ങള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതിനുവേണ്ടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും മുന്‍പ് നിശ്ചയിച്ച പ്രകാരം നടപ്പ് പാര്‍ലമെന്റിന്റെ രണ്ടാം സെഷന്‍ ഒക്ടോബര്‍ 24 മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആശങ്ക സൃഷ്ടിച്ച് എം.പിമാരെ സര്‍ക്കാറിനെതിരെ തിരിച്ചുവിടാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമായാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടേക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നത്. വകുപ്പുകളിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി അഞ്ചോളം മന്ത്രിമാര്‍ക്കെതിരെ കുറ്റവിചാരണക്ക് നീക്കമുണ്ടെന്നത് ശരിയായിരിക്കാം.

എന്നാല്‍ കുറ്റവിചാരണയെന്നത് ഭരണഘടനാപരമായി എംപിമാരുടെ അവകാശമാണ്. അതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ അതിജീവിക്കാതെ സഭ പിരിച്ചുവിട്ട് വീണ്ടും ജനവിധി തേടുന്നത് ശരിയല്ല. അതിനുള്ള നീക്കങ്ങള്‍ നടത്തുന്നില്ല.

നവമാധ്യമങ്ങളിലൂടെ കൈമാറപ്പെടുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ്. ഇതുപോലുള്ള പ്രചാരണം ആദ്യ സമ്മേളനം നടക്കുന്നതിന് മുമ്പും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിദേശികളോടുള്ള സമീപനമുള്‍പ്പെടെ തന്ത്രപ്രധാനമായ പല വിഷയങ്ങളും അടുത്ത സമ്മേളനത്തില്‍ ചര്‍ച്ചയാവുമെന്നും പഴയകാല തെറ്റുകള്‍ തിരുത്തി സ്വദേശികളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്ന പല തീരുമാനങ്ങളും അടുത്ത സമ്മേളനത്തില്‍ ഉണ്ടാകുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.