കൊച്ചിയില്‍ സ്ത്രീകളുടെ ആക്രമണത്തിനിരയായ ഡ്രൈവറുടെ അറസ്റ്റ് കോടതി തടഞ്ഞു

single-img
27 September 2017

കൊച്ചി: എറണാകുളത്ത് യുവതികളുടെ മര്‍ദനമേറ്റ യുബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിന് പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഷെഫീക്കിന്റെ അറസ്റ്റും ഹൈക്കോടതി തടഞ്ഞു.

മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷെഫീക്ക് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ വിശദമായി വാദം കേള്‍ക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പറഞ്ഞ് യുവതി പരാതി നല്‍കിയാല്‍ കേസെടുക്കുകയാണോ വേണ്ടതെന്ന് കോടതി ചോദിച്ചു. വസ്തുതകള്‍ പരിശോധിച്ചോ എന്നും കോടതി ആരാഞ്ഞു. പ്രതികളായ യുവതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. യുവതികളില്‍ ഒരാള്‍ ജ്വല്ലറി ഉടമയെ ഫോണ്‍ കെണിയില്‍ പെടുത്തിയ കേസില്‍ പ്രതിയാണെന്നും അറിയിച്ചു.

ഷെഫീക്കിനെതിരെ കഴിഞ്ഞ ദിവസമാണ് മരട് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഇതേത്തുടര്‍ന്ന്
കേസെടുത്ത സംഭവം അന്വേഷിക്കണമെന്ന് മധ്യമേഖലാ ഐ.ജി പി.വിജയന്‍ കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് ആവശ്യപ്പെടുകയും ചെയ്തു.

സീരിയല്‍ നടിമാരുടെ മര്‍ദ്ദനമേറ്റ ഡ്രൈവര്‍ക്കെതിരെ കേസെടുത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ മധ്യമേഖലാ ഐ.ജി ഇടപെട്ടതെന്നാണ് വിവരം.

കഴിഞ്ഞ 20ന് രാവിലെ 11.30ന് വൈറ്റില ജംഗ്ഷനില്‍ പോലീസ് വാച്ച് ടവറിന് സമീപം വച്ച് മൂന്നു സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു അതീക്രൂരമായ മര്‍ദനം നടന്നത്. യൂബര്‍ ടാക്‌സി ഡ്രൈവറെ പൊതുനിരത്തിലിട്ട് പരസ്യമായി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് യുവതികളെ നാട്ടുകാര്‍ തടഞ്ഞുവച്ചു പോലീസിന് കൈമാറിയിരുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങിയതു വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇതിനുകാരണമെന്ന ആക്ഷേപമായിരുന്നു ഉയര്‍ന്നത്.