ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി: സര്‍ക്കാരിനും വിജിലന്‍സിനും കോടതിയുടെ രൂക്ഷ വിമര്‍ശനം

single-img
27 September 2017

മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. ഇ പി ജയരാജന്റെ മന്ത്രിസ്ഥാനം നഷ്ടമാക്കിയ വിവാദത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായതോടെയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. ഇത് കൂടാതെ പി.കെ.ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍, വ്യവസായവകുപ്പ് സെക്രട്ടറി പോള്‍ ആന്റണി എന്നിവര്‍ക്കെതിരായ കേസും റദ്ദാക്കിയിട്ടുണ്ട്.

കേസ് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. അതേസമയം കേസ് നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. നിലനില്‍ക്കാത്ത കേസ് ആര്‍ക്കുവേണ്ടി എടുത്തതാണ്. ആരുടെയെങ്കിലും വായടപ്പിക്കാനാണോ കേസെടുത്തത്. എല്ലാം കോടതിയുടെ തലയില്‍കെട്ടിവച്ച് രക്ഷപ്പെടാനാണോ ശ്രമമെന്നും കോടതി ചോദിച്ചു.

ജയരാജനെതിരായ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും നിയമനത്തിലൂടെ ആരും ഏതെങ്കിലും തരത്തിലുള്ള നേട്ടമുണ്ടാക്കിയിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കേസില്‍ സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപയുടെ നഷ്ടം പോലും ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.

ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ ബന്ധുവായ പി.കെ.സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എം.ഡിയായി നിയമിച്ചത് വിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ വിജിലന്‍സിന് നല്‍കിയ പരാതിയിലാണ് ജയരാജന്‍, പി.കെ.സുധീര്‍, വ്യവസായവകുപ്പ് സെക്രട്ടറി പോള്‍ ആന്റണി എന്നിവര്‍ക്കെതിരെ കേസെടുത്തത്.

എന്നാല്‍ നിയമനം വിവാദമായതോടെ ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി. മഹേഷ്ദാസ് കോടതിയെ അറിയിച്ചത്.