ഗുജറാത്ത്, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി തോല്‍ക്കുമെന്ന് ആര്‍.എസ്.എസ് സര്‍വേ ഫലം

single-img
27 September 2017

ഡല്‍ഹി: ഗുജറാത്ത്, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി തോല്‍ക്കുമെന്ന് ആര്‍.എസ്.എസ് സര്‍വേ ഫലം. 120 ഓളം സീറ്റ് നേടി കോണ്‍ഗ്രസ് മധ്യപ്രദേശില്‍ ഭരണം നേടുമ്പോള്‍ ബിജെപിക്ക് 60 സീറ്റ് വരെ മാത്രമേ ലഭിക്കൂ എന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്. ഐഎഎന്‍എസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2017ലും 2018ലുമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ആര്‍എസ്എസ് നടത്തിയ സര്‍വ്വേ ഫലങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത്തവണ ബിജെപിയെ ഗുജറാത്തും കൈവിടുമെന്നു സര്‍വെയില്‍ പറയുന്നു. നേരത്തെ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 193ല്‍ 113 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20 ബിജെപി സ്ഥാനാര്‍ത്ഥികള്‍ 5000ല്‍ താഴെ വോട്ടുകള്‍ക്കാണ് ജയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനാല്‍ തന്നെ ഇത്തവണ ഗുജറാത്ത് മോഡല്‍ വികസനമെന്ന ബിജെപിയുടെ തുറുപ്പ് ചീട്ട് ജനങ്ങള്‍ക്കിടയില്‍ വിലപോകില്ല. അടുത്ത മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നേടാന്‍ കഴിയില്ലെന്നും സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ട്. വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് ഫലം. അതിന്റെ സൂചനയാണ് ഇടയ്ക്ക് നടന്ന മധ്യപ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ആകെയുള്ള 193 സീറ്റുകളില്‍ 113 സീറ്റും കോണ്‍ഗ്രസ് നേടിയിരുന്നു.

പട്ടേല്‍ പ്രക്ഷോഭം, ഒബിസി പ്രക്ഷോഭം, ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള ദളിത് പ്രക്ഷോഭം എന്നിവ ബിജെപിയെ സാരമായി ബാധിക്കും. ജിഎസ്ടി വന്നത് വ്യവസായികളെയും പിണക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ആരോപണവിധേയനായ വ്യാപം അഴിമതിയെ കൂടാതെ സര്‍ക്കാര്‍ ഉള്‍പ്പെട്ട ആറോളം അഴിമതി കേസുകള്‍ ജനങ്ങളെ ബിജെപിയില്‍ നിന്നുമകറ്റി.

അതുകൊണ്ടു തന്നെ 2012ല്‍ ലഭിച്ചതിന്റെ പകുതി സീറ്റ് പോലും ഇപ്രാവശ്യം ലഭിക്കില്ലെന്നാണ് ആര്‍.എസ്എസ് കണക്ക് കൂട്ടല്‍. രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ശക്തി പ്രാപിക്കുന്നതായും ആര്‍എസ്എസ് സര്‍വ്വേ ചൂണ്ടികാട്ടുന്നു.