ലിച്ചി എന്തിന് മാപ്പ് പറയണമെന്ന് റിമ കല്ലിങ്കല്‍: ’65കാരനായ മമ്മൂക്ക അച്ഛനായി അഭിനയിക്കട്ടെ എന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്’

single-img
26 September 2017

മമ്മൂട്ടിയെ കുറിച്ച് നടത്തിയ പരാമര്‍ശം മൂലം പുലിവാലുപിടിച്ച അങ്കമാലി ഡയറീസ് ഫെയിം ലിച്ചിയെ പിന്തുണച്ച് നടി റിമ കല്ലിങ്കല്‍ രംഗത്ത്. 65 വയസ്സുകാരനായ ഒരു നടന്‍ തന്റെ അച്ഛനായി അഭിനയിച്ചോട്ടെ എന്ന് പറഞ്ഞതിനാണ് ലിച്ചിയെ പലരും വിമര്‍ശിച്ചത്. എന്തിനാണതെന്ന് റിമ ചോദിക്കുന്നു.

മമ്മൂട്ടിക്ക് അച്ഛന്‍ റോള്‍ ചെയ്യാന്‍ പറ്റുമെന്ന് നിങ്ങള്‍ കരുതുന്നില്ലേ. അച്ഛന്‍ വേഷത്തില്‍ അദ്ദേഹം തകര്‍ക്കുമെന്നാണ് എനിക്ക് തോന്നുന്നത്. മികച്ച അഭിനേതാവായ അദ്ദേഹം 30കാരനായോ 70കാരനായോ അഭിനയിച്ചാലും നമ്മള്‍ അംഗീകരിക്കും.

ബ്രില്ല്യന്റ് അഭിനേതാക്കളായ ശോഭന, ഊര്‍വശി, രേവതി തുടങ്ങിയവര്‍ 70കാരായും 30കാരായും അഭിനയിക്കുന്നില്ലേ. ലിച്ചിയെ ട്രോളുന്നവര്‍ സ്വന്തം പേര് നശിപ്പിക്കുകയാണ്. എന്തിന് ലിച്ചി മാപ്പ് പറയണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റിമ ചോദിക്കുന്നു.

ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെയാണ് ലിച്ചിയോട് അവതാരക മമ്മൂട്ടിയുടെ നായികയാകണോ ദുല്‍ഖറിന്റെ നായികയാകണോ എന്ന് ചോദിച്ചത്. അടുത്ത ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാകാം, മമ്മൂക്ക അച്ഛനായും വരട്ടെ, പിന്നത്തെ ചിത്രത്തില്‍ തിരിച്ചുമാകാം എന്ന് തമാശ രൂപേണയായിരുന്നു ലിച്ചിയുടെ മറുപടി.

പക്ഷേ മമ്മൂക്ക വേണമെങ്കില്‍ അച്ഛനായിക്കോട്ടെ എന്ന് ലിച്ചി പറഞ്ഞു എന്ന തരത്തിലായിരുന്നു പിന്നീട് വന്ന വാര്‍ത്തകള്‍. ഇതോടെ ആരാധകര്‍ വിമര്‍ശനവുമായി എത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ബഹളവും.

ഒടുവില്‍ ട്രോളുകള്‍ കൊണ്ട് സഹികെട്ട ലിച്ചി ഇന്നലെ കരഞ്ഞു കൊണ്ട് ഫേസ്ബുക്ക് ലൈവില്‍ എത്തി തനിക്കെതിരായുള്ള രൂക്ഷ വിമര്‍ശനങ്ങളില്‍ കരയുകയും ചെയ്തിരുന്നു.