സരിതയും സോളാറും വീണ്ടും ചര്‍ച്ചാ വിഷയം: ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

single-img
25 September 2017

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കവും യു.ഡി.എഫിന്റെ പ്രതിച്ഛായക്ക് കളങ്കവും ഏല്‍പിച്ച സോളാര്‍ കേസ് സംബന്ധിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനാണ് നാളെ ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

അന്വേഷണം തുടങ്ങി നാല് വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കമ്മീഷന്റെ കാലാവധി ഈ മാസം 27ന് അവസാനിക്കുകയാണ്. റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമോ അതോ തള്ളണമോ എന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.

സംസ്ഥാനത്ത് സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് ബിജു രാധാകൃഷ്ണന്‍ സി.എം.ഡിയായ ‘ടീം സോളാര്‍’ കമ്പനി പലരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസാണ് സോളാര്‍ അഴിമതിക്കേസ്.

എഴുപതോളം പേരില്‍ നിന്നായി 50 ലക്ഷം രൂപ വരെയാണ് തട്ടിയെടുത്തിട്ടുള്ളത്. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത നായര്‍ രണ്ടാം പ്രതിയുമാണ്. തട്ടിപ്പ് നടത്താനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ദുരുപയോഗം നടത്തിയെന്ന ആരോപണം പുറത്ത് വന്നതോടെയാണ് കേസ് രാഷ്ട്രീയ ശ്രദ്ധ നേടിയത്.

എല്‍.ഡി.എഫ് നടത്തിയ രാപ്പകല്‍ സമരത്തിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക തട്ടിപ്പുകളും അന്വേഷിക്കുന്നതിനായി 2013 ഒക്ടോബര്‍ 28ന് റിട്ട. ജഡ്ജി ജസ്റ്റിസ് ജി. ശിവരാജനെ ചെയര്‍മാനാക്കി അന്വേഷണ കമ്മിഷനെ നിശ്ചയിച്ചത്.

കമ്മിഷന്‍ ഒഫ് എന്‍ക്വയറി ആക്ട് അനുസരിച്ചാണ് വിസ്താരങ്ങളും വാദങ്ങളും തെളിവ് ശേഖരണവുമെല്ലാം നടത്തിയത്. 2015 ജനുവരി 12ന് ആരംഭിച്ച സാക്ഷി വിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. ഇതിനിടെ 216 സാക്ഷികളെ വിസ്തരിക്കുകയും 893 രേഖകള്‍ അടയാളപ്പെടുത്തുകയും ചെയ്തു. ഏപ്രില്‍ ആദ്യം വരെ വിസ്താരത്തിന്മേലുള്ള വാദം നീണ്ടു.

കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ തുടങ്ങി എം.എല്‍.എമാര്‍, എം.പിമാര്‍, സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, പരാതിക്കാര്‍ തുടങ്ങി പ്രമുഖരായ നിരവധി പേരെയാണ് കമ്മിഷന്‍ വിസ്തരിച്ചത്. മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി എം.പി, മുന്‍ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എം.എല്‍.എമാരായ പി.സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, ബെന്നി ബെഹ്നാന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി. പി തങ്കച്ചന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പൊലീസ് മേധാവിയായിരുന്ന കെ.എസ് ബാലസുബ്രഹ്മണ്യം, മുന്‍ എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍, കെ. പത്മകുമാര്‍ എന്നിവരെയും കമ്മിഷന്‍ വിസ്തരിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ തുടങ്ങിയവരും കമ്മിഷന് മുന്നിലെത്തി തെളിവ് നല്‍കിയിരുന്നു.