ഷാര്‍ജ ഭരണാധികാരിയുമായി ഗവര്‍ണറും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

single-img
25 September 2017

തിരുവനന്തപുരം: അഞ്ച് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമി ഗവര്‍ണര്‍ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളുമായി ബിന്‍ മുഹമ്മദ് ഖാസിമി കൂടിക്കാഴ്ച നടത്തി.

ചര്‍ച്ചയില്‍ സംസ്ഥാനം പ്രവാസികളുടെ ക്ഷേമത്തിലൂന്നിയും പുതു വികസന സംരംഭങ്ങളിലധിഷ്ടിതമായ 7 ഇന പദ്ധതികളും നിര്‍ദ്ദേശങ്ങളും സുല്‍ത്താന് സമര്‍പ്പിച്ചു. ഷാര്‍ജയില്‍ മലയാളികള്‍ക്കുവേണ്ടി ഭവന പദ്ധതിയാണ് അതില്‍ പ്രധാനം. 10 അപ്പാര്‍ട്ട്‌മെന്റ് ടവറുകള്‍. ഇതിനായി 10 ഏക്കര്‍ ഭൂമി ആവശ്യമുണ്ട്. കേരളവും ഷാര്‍ജയും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിലവാരമുള്ള പബ്ലിക് സ്‌കൂളുകള്‍, എഞ്ചിനീയറിങ് കോളേജ്, മെഡിക്കല്‍ കോളേജ്, നൈപുണ്യവികസന പരിശീലന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭമാണ് രണ്ടാമത്തേത്. കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും അവതരിപ്പിക്കാനായി സാംസ്‌കാരിക കേന്ദ്ര വേണമെന്നതാണ് മൂന്നാമത്തേത്.

ഷാര്‍ജയില്‍ നിന്ന് വരുന്ന അതിഥികള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രത്യേക ആയുര്‍വേദം ടൂറിസം പാക്കേജുകള്‍ ആരംഭിക്കും. ഷാര്‍ജയില്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ച സാംസ്‌ക്കാരിക കേന്ദ്രത്തില്‍ കേരളത്തിന്റെ ആയൂര്‍വേദ ഹബും സ്ഥാപിക്കുമെന്നും സംസ്ഥാനം വ്യക്തമാക്കി.

അടുത്ത 4 വര്‍ഷം കൊണ്ട് പശ്ചാത്തല വികസന മേഖലയില്‍ 50,000 കോടി രൂപയുടെ മുതല്‍ മുടക്കാണ് കേരളം വിഭാവനം ചെയ്യുന്നത്. ഐടി മേഖലയില്‍ കേരളം ഷാര്‍ജ സഹകരണം ഉറപ്പാക്കണം, കേരളത്തിന്റെ ആധുനിക ചികിത്സാ സംവിധാനവും മെഡിക്കല്‍ വിദ്യാഭ്യാസ സൗകര്യങ്ങളും സംയുക്തമായി ഉപയോഗിക്കാമെന്നും സംസ്ഥാനം നിര്‍ദേശിച്ചു.