സൗദി ചരിത്രം തിരുത്തിക്കുറിച്ചു: ദേശീയ ദിനാഘോഷത്തില്‍ സ്ത്രീകളും

single-img
25 September 2017

സൗദി അറേബ്യയുടെ 87ാമത് ദേശീയ ദിനാഘോഷത്തിലേക്ക് ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ഭരണകൂടം പ്രവേശം നല്‍കി. രാഷ്ട്രം നിലവില്‍ വന്ന ശേഷം പിന്നിട്ട വഴികളും നേടിയ വിജയങ്ങളും പുരോഗതിയും അയവിറക്കിയായിരുന്നു റിയാദ് കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷപരിപാടികള്‍.

സ്ത്രീകളും ചടങ്ങില്‍ വിവിധ പരിപാടികളവതരിപ്പിച്ചു. അതീവ പ്രാധാന്യത്തോടെയും കൗതുകത്തോടെയുമാണ് അന്തര്‍ദേശീയ മാധ്യമങ്ങളടക്കം പുതിയ നീക്കത്തെ കാണുന്നത്. വിഷന്‍ 2030ന്റെ ചുവടുപിടിച്ച് ദേശീയ ദിനത്തിലേക്ക് അനുമതി നല്‍കിയതോടെ ഒഴുകിയെത്തിയത് ആയിരക്കണക്കിന് സ്ത്രീകളും കുടുംബങ്ങളുമാണ്.

സൗദിയുടെ തനത് കലകളും വേദി കീഴടക്കി. നാടകങ്ങളിലും വിവിധ അവതരണങ്ങളിലും സ്ത്രീകളും പങ്കാളികളായി. പതിനായിരങ്ങളൊഴുകിയെത്തിയ സ്റ്റേഡിയത്തിലേക്ക് കുടുംബത്തോടൊപ്പം എത്താനായ സന്തോഷമായിരുന്നു എല്ലാവര്‍ക്കും.

വിഷന്‍ 2030ന്റെ ഭാഗമായി സൌദിയില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റം. ഇതിന്റെ ഭാഗമായാണ് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ഒരു പോലെ പ്രവേശനം നല്‍കിയത്. രാജ്യത്ത് സ്ത്രീകളെ മുന്‍നിരയിലെത്തിക്കുകയെന്നതും പദ്ധതിയുടെ ഭാഗമാണ്.