തുറന്ന ജീപ്പില്‍ റോഡ് ഷോയ്ക്ക് അനുവാദം നല്‍കിയില്ല; ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി കാളവണ്ടിയില്‍ പര്യടനം നടത്തും

single-img
25 September 2017

ദ്വാരക: ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ത്രിദിന പര്യടനത്തിന് ഇന്നു തുടക്കം. ദ്വാരകയും സൗരാഷ്ട്രയും കേന്ദ്രീകരിച്ചാണ് രാഹുല്‍ ഗാന്ധി പര്യടനം നടത്തുക.

തുറന്ന ജീപ്പിലെ റോഡ് ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കാളവണ്ടിയിലാണ് രാഹുല്‍ പര്യടനം നടത്തുന്നത്. ദ്വാരകയിലെ ദ്വാരകാധീഷ് കൃഷ്ണ ക്ഷേത്രത്തിലെ പ്രാര്‍ഥനയ്ക്കുശേഷമാണ് രാഹുലിന്റെ പര്യടനം. ഇവിടെനിന്ന് ജാംനഗറിലെത്തുന്ന അദ്ദേഹം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വച്ചു ജനങ്ങളുമായി സംവദിക്കും.

ദ്വാരകയില്‍നിന്ന് ജാംനഗറിലേക്കുള്ള 135 കിലോമീറ്റര്‍ ദൂരം തുറന്ന ജീപ്പില്‍ യാത്രചെയ്യാനായിരുന്നു രാഹുല്‍ ഗാന്ധി തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി പൊലീസ് അനുവാദം നിഷേധിക്കുകയായിരുന്നു. പ്രത്യേകമായി സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ച ബസിലാകും രാഹുല്‍ ജാംനഗറിലേക്ക് യാത്ര ചെയ്യുക.

എന്നാല്‍ ദ്വാരകയില്‍നിന്ന് ഇരുപത്തിയഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഹന്‍ജ്‌റാപര്‍ ഗ്രാമത്തില്‍ കാളവണ്ടിയിലാകും രാഹുല്‍ പര്യടനം നടത്തുകയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നു ജാംനഗറില്‍ തങ്ങുന്ന രാഹുല്‍ നാളെ രാജ്‌കോട്ടിലെത്തും. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ജന്മനാടാണ് രാജ്‌കോട്ട്. സൗരാഷ്ട്ര മേഖലയിലെ അംഗങ്ങളില്‍ ഏറ്റവും പ്രബലനാണ് രൂപാണി.

പട്ടേല്‍ സമുദായത്തിന്റെ പ്രധാന ക്ഷേത്രമായ ഖോദാല്‍ധാം ക്ഷേത്രവും രാഹുല്‍ സന്ദര്‍ശിക്കും. ബുധനാഴ്ച സുരേന്ദ്രനഗര്‍ കേന്ദ്രീകരിച്ചാകും രാഹുലിന്റെ പര്യടനം. ഇവിടുത്തെ ഛോട്ടില ക്ഷേത്രവും രാഹുലിന്റെ സന്ദര്‍ശന പട്ടികയിലുണ്ട്. പട്ടേല്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഹാര്‍ദിക് പട്ടേലിന്റെ ജന്മനാടായ വിരാമംഗാമില്‍ വച്ചാണ് ത്രിദിന പര്യടനം രാഹുല്‍ അവസാനിക്കുക.