രജനീകാന്ത് ബിജെപിക്ക് അനുയോജ്യനായ കക്ഷിയാണെന്ന് നടന്‍ കമല്‍ഹാസന്‍

single-img
25 September 2017

ചെന്നൈ: രജനീകാന്ത് ബിജെപിക്ക് അനുയോജ്യനായ കക്ഷിയാണെന്ന് നടന്‍ കമല്‍ഹാസന്‍. രജനീകാന്തിന്റെ മതപരമായ വിശ്വാസങ്ങള്‍ പരിഗണിച്ച് അദ്ദേഹം കാവിക്കൊടിക്ക് അനുയോജ്യനാണെന്നാണ് തോന്നുന്നതെന്നും എന്നാല്‍ ഞാന്‍ തികച്ചും യുക്തിപരമായി ചിന്തിക്കുന്ന ആളാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഞാന്‍ ജാതീയതയ്‌ക്കെതിരെയാണ്. എന്നാല്‍ ഞാന്‍ കമ്മ്യൂണിസ്റ്റല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ചിലരെ ഞാന്‍ ആരാധിക്കുന്നുണ്ടെന്നും എന്റെ ഹീറോകളില്‍ ചിലര്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും കമല്‍ വ്യക്തമാക്കി.

തമിഴ്‌നാടിനെ സംബന്ധിച്ച് അച്ഛാ ദിന്‍ വന്നിട്ടേയില്ല, മറ്റ് സംസ്ഥാനങ്ങളുടെ കാര്യം സംസാരിക്കാന്‍ എനിക്ക് കഴിയില്ല, എന്നാല്‍ അച്ഛേ ദിന്‍ എന്ന് വരുമെന്നും കമല്‍ ചോദ്യം ഉന്നയിച്ചു. സ്വന്തം രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും കമല്‍ വിശദീകരിച്ചു. തമിഴ്‌നാട്ടിലെ പ്രധാന ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരെയാണ് താന്‍ സഖ്യം രൂപീകരിക്കുക.

അത് ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാവുമെന്നും എഐഎഡിഎംകെയുടേയും ഡിഎംകെയുടേയും അഴിമതികള്‍ക്ക് തമിഴ് ജനത സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെയാവും തന്റെ പോരാട്ടമെന്നും കമല്‍ ഹാസന്‍ പറയുന്നു.

രജനീകാന്തിനോട് ഞാന്‍ എപ്പോഴും സംസാരിക്കാറുണ്ട്. അദ്ദേഹം എന്റെ സുഹൃത്താണ്. രാഷ്ട്രീയത്തില്‍ ചേരാന്‍ തീരുമാനിച്ചപ്പോഴും ഞാന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നു. രജനീകാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും കമല്‍ പറഞ്ഞു.

രാഷ്ട്രീയ പ്രവേശനത്തിന് ഇതാണോ നല്ല സമയം എന്ന് ചോദിച്ചാല്‍ അല്ലെന്നാവും എന്റെ മറുപടി. അതുകൊണ്ടാണ് ഞാന്‍ ഈ സമയം തന്നെ തിരഞ്ഞെടുത്തതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട് രാഷ്ട്രീയം ഇതുവരെ ഇത്രയും മോശപ്പെട്ട അവസ്ഥയിലേക്കെത്തിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെജരിവാളുമായുള്ള കൂടിക്കാഴ്ച ഞാന്‍ അങ്ങോട്ട് പോയതല്ലെന്നും അദ്ദേഹം ഇങ്ങോട്ട് വന്ന് കാണുകയായിരുന്നുവെന്നും കമല്‍ വ്യക്തമാക്കി.