ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അന്തരിച്ചു

single-img
25 September 2017

അബുദാബി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അബ്ദുല്‍ അത്തി മരിച്ചു. അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.35നായിരുന്നു അന്ത്യമെന്ന് ബുര്‍ജീല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുടല്‍ വൃക്ക സംബന്ധമായ തകരാറാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുഎഇയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം 20 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് ഇമാനെ ചികിത്സിച്ചിരുന്നത്. ആരോഗ്യം ഏറെക്കുറെ മെച്ചപ്പെട്ട അവസ്ഥയിലുമായിരുന്നു.

അഞ്ഞൂറ് കിലോയിലേറെ വരുന്ന ശരീരഭാരം കാരണം 25 വര്‍ഷത്തോളം കിടക്കവിട്ട് എങ്ങും പോകാനാവാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന ഈജിപ്ത് അലക്‌സാണ്ട്രിയ സ്വദേശിയായ ഇമാനെ ഫെബ്രുവരിയിലാണ് മുംബൈ സൈഫി ആശുപത്രിയില്‍ എത്തിച്ചത്.

ക്രെയിന്‍ ഉപയോഗിച്ചായിരുന്നു 36 കാരിയായ ഇമാനെ ആശുപത്രിയുടെ മുകളിലത്തെ നിലയിലെത്തിച്ചത്. മാര്‍ച്ച് ഏഴിന് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ഇമാന്റെ ആമാശയത്തിന്റെ എഴുപത്തഞ്ച് ശതമാനത്തോളം നീക്കം ചെയ്തിരുന്നു.

ഇതിനിടെ ഇമാന് പക്ഷാഘാതവും വന്നിരുന്നു. പിന്നീട് ഇമാന്റെ ഭാരം കുറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. ഭാരം കുറയ്ക്കാനുള്ള ചികിത്സ പൂര്‍ത്തിയായെന്നും ഇനി മടങ്ങാമെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ഇതോടെ ഇമാന്റെ സഹോദരി ഇതിനെതിരെ രംഗത്ത് വന്നു. ചികിത്സകൊണ്ട് ഭാരം കുറഞ്ഞില്ല എന്നായിരുന്നു അവരുടെ ആരോപണം.

വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് തുടര്‍ ചികില്‍സയ്ക്കായി അബുദാബി വിപിഎസ് ബുര്‍ജീല്‍ ആശുപത്രിയിലേക്ക് ഇമാനെ മാറ്റി. പ്രത്യേകവിമാനം ഒരുക്കിയാണ് ഇമാനെ അബുദാബിയില്‍ എത്തിച്ചത്. അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ 20 ഡോക്ടര്‍മാര്‍ അടങ്ങുന്ന പ്രത്യേക മെഡിക്കല്‍ സംഘമാണ് ഇമാന്‍ അഹമ്മദിന്റെ ചികിത്സക്ക് നേതൃത്വം നല്‍കിയത്.