മറ്റൊരു റാം റഹീം സിങ് കേരളത്തില്‍ വേണോ?; തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

single-img
25 September 2017

കൊച്ചി: മിശ്ര വിവാഹം ചെയ്തതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മറ്റൊരു റാം റഹീം സിങ് കേരളത്തില്‍ വേണോയെന്നാണ് കോടതി ചോദിച്ചത്.

മിശ്ര വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ഇവിടെ തടങ്കലില്‍ പാര്‍പ്പിച്ചെന്നാരോപിച്ച് കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് കോടതിയെ സമീപിച്ചത്. തൃശൂര്‍ സ്വദേശിനിയായ ആയുര്‍വേദ ഡോക്ടറുടെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിക്കൊപ്പം യോഗാ കേന്ദ്രത്തിലെ പീഡനങ്ങള്‍ വിശദീകരിക്കുന്ന യുവതിയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

മനോജ് ഗുരുജിയെ കൂടാതെ റീജേഷ്, കണ്ടാലറിയാവുന്ന നാലുപേര്‍ എന്നിവരുടെ ക്രൂരതക്ക് ഇരയാകേണ്ടി വന്നതായി പരാതിയില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ച ശേഷം ഇവര്‍ കൈകാലുകളും വായും തുണി കൊണ്ട് കെട്ടി നിരന്തരം മര്‍ദ്ദിച്ചുവെന്നാണ് പരാതി. മറ്റ് 65 പെണ്‍കുട്ടികളെ കൂടി സ്ഥാപനത്തില്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും പലരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, എറണാകുളം കണ്ടനാടുള്ള യോഗാ അന്റ് ചാരിറ്റബിള്‍ സെന്റര്‍ പഞ്ചായത്തും പൊലീസും ചേര്‍ന്ന് അടപ്പിച്ചു. ലൈസന്‍സില്ലാതെയാണ് കേന്ദ്രം നടത്തിയിരുന്നതെന്ന് ഉദയംപേരൂര്‍ പഞ്ചായത്ത് അറിയിച്ചു. അതിനാലാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്.

ആര്‍ഷ വിദ്യാ സമാജം എന്ന പേരില്‍ കൗണ്‍സിലിങ് സെന്ററും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. 25 സ്ത്രീകളും 20 പുരുഷന്‍മാരും കൗണ്‍സിലിങ്ങിനായി നിലവില്‍ ഇവിടെയുണ്ടെന്നും ഇവരെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുമെന്നും പൊലീസ് അറിയിച്ചു. സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനം യോഗാ സെന്ററിനു മുന്നില്‍ പൊലീസ് തടഞ്ഞു.