ആതിരയെ മതംമാറ്റിയത് ഭീഷണിപ്പെടുത്തി: ഘര്‍വാപസിക്കായി തൃപ്പൂണിത്തുറയില്‍ രഹസ്യകേന്ദ്രം: 65 പെണ്‍കുട്ടികളെ തടവിലാക്കി പീഡിപ്പിക്കുന്നുവെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍

single-img
25 September 2017

കൊച്ചി: തൃപ്പൂണിത്തുറ കണ്ടനാട് യോഗ കേന്ദ്രത്തിന്റെ പേരില്‍ ഘര്‍ വാപസി കോണ്‍സന്‍ട്രേഷന്‍ ക്യാംപ് പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച് തൃശൂര്‍ പുന്നംപറമ്പ് മച്ചാട് ചെമ്പിത്താനത്ത് വീട്ടില്‍ സിഐ റിന്റോയുടെ ഭാര്യ ഡോ. ശ്വേത ഹരിദാസന്‍ ഹില്‍പാലസ് പൊലീസില്‍ പരാതി നല്‍കി.

ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിന് 22 ദിവസത്തോളം തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ കാസര്‍ഗോഡ് സ്വദേശിനിയായ ആതിരയും ഇവിടെ ഉണ്ടായിരുന്നതായി യുവതി പറഞ്ഞു.

സ്വന്തം ഇഷ്ടത്തോടെയാണ് ഇസ്ലാം സ്വീകരിച്ചതെന്ന് ആതിര പറഞ്ഞതായി യുവതി വ്യക്തമാക്കി. കൗണ്‍സലിംഗ് നടത്തിയെങ്കിലും മതം മാറാന്‍ ആതിരയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഭീഷണിപ്പെടുത്തിയും മര്‍ദിച്ചുമാണ് ഘര്‍വാപസി നടത്തുന്നത്. ഗുരുജി എന്ന മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് ചെയ്യുന്നത്. കടുത്ത ഭീഷണിയാണ് ആതിരക്ക് ഇവിടെ നേരിടേണ്ടി വന്നതെന്നും യുവതി പറഞ്ഞു.

ശിവശക്തി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ 65 പെണ്‍കുട്ടികള്‍ തടവിലാണെന്നും ഇവരില്‍ പലരും മര്‍ദ്ദനവും ലൈംഗീക ചൂഷണവുമുള്‍പെടെയുള്ള ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്നതായും യുവതി പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ മീഡിയ വണ്‍ ചാനലാണ് പുറത്തുവിട്ടത്.

ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ തന്നെ കൈകാലുകളും വായും തുണികൊണ്ട് കെട്ടി യോഗ സെന്ററില്‍ വെച്ച് നിരന്തരം മര്‍ദ്ദിച്ചുവെന്ന് ഡോ. ശ്വേത പറയുന്നു. ക്രിസ്ത്യന്‍ യുവാവായ റിന്റോയുമായുള്ള വിവാഹത്തെ ശക്തമായി എതിര്‍ത്ത ശ്വേതയുടെ വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചു.

എന്നാല്‍, ശ്വേത ഇതിനെതിരെ കണ്ണൂര്‍ കുടുംബകോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചു. തുടര്‍ന്ന്, വീട്ടുകാര്‍ തന്ത്രപരമായി ശ്വേതയെ മൂവാറ്റുപുഴ ആവോലിയിലുള്ള സഹോദരിയുടെ വീട്ടിലെത്തിച്ചു. യോഗ പഠിക്കുന്ന സഹോദരിക്കൊപ്പം പോകണമെന്ന് സഹോദരി ഭര്‍ത്താവ് മനു ആവശ്യപ്പെട്ടതനുസരിച്ചാണ് ശ്വേത സ്ഥാപനത്തിലെത്തിയത്.

മനോജ് ഗുരുജി എന്നയാളാണ് ഇതിന്റെ നടത്തിപ്പുകാരന്‍. ഇവിടെ 22 ദിവസം മനോജിന്റെയും ഹൈക്കോടതി അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ശ്രീജേഷിന്റെയും കൗണ്‍സിലര്‍മാരായ സ്മിത, ലക്ഷ്മി, സുജിത് എന്നിവരുടെയും ക്രൂരതക്ക് ഇരയാകേണ്ടിവന്നു.

മൊബൈല്‍ ഫോണും മറ്റു സാധനങ്ങളും വാങ്ങിവെച്ചശേഷം ഇവര്‍ ശ്വേതയെ കൈകാലുകളും വായും തുണികൊണ്ട് കെട്ടി നിരന്തരം മര്‍ദിച്ചു. ക്രിസ്ത്യാനിയെ വിവാഹംചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വസ്ത്രം വലിച്ചുകീറി.

ഇസ്‌ലാം, ക്രിസ്ത്യന്‍ മതങ്ങളോട് വിദ്വേഷം വളര്‍ത്തുന്ന ക്ലാസുകളാണ് അവിടെ നടത്തുന്നത്. റിന്റോക്കൊപ്പം പോയാല്‍ കൊന്നുകളയുമെന്ന് മനോജ് ഗുരുജി ഇടക്കിടെ ഭീഷണിപ്പെടുത്തി. മാതാപിതാക്കള്‍ പറയുന്നതനുസരിച്ച് ഹിന്ദുവിനെ വിവാഹം കഴിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. നിലം തുടക്കലും പാചകവുമടക്കം വീട്ടുവേലക്കാരിയുടെ ജോലികളാണ് ശ്വേതയെക്കൊണ്ട് ചെയ്യിച്ചിരുന്നത്.

തുറന്നിട്ട ഡോര്‍മിറ്ററിയിലാണ് അന്തേവാസികള്‍ രാത്രിയില്‍ ഉറങ്ങുന്നത്. ബാത്‌റൂമിന്റെ വാതിലുകള്‍ക്ക് കൊളുത്തില്ല. കഴുകിയവ ഉണങ്ങാന്‍ സൗകര്യമില്ലാത്തതിനാല്‍ നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ യുവതികള്‍ നിര്‍ബന്ധിതരാകുന്നു. പലരും രോഗികളാണെങ്കിലും ശരിയായ ചികിത്സ നല്‍കാറില്ല.

കൗണ്‍സിലര്‍മാര്‍ ഇന്റര്‍നെറ്റില്‍ പരതിയാണ് മരുന്ന് നിശ്ചയിക്കുന്നത്. ദുരിതം സഹിക്കാനാകാതെ, വീട്ടുകാര്‍ പറയുന്നതെല്ലാം അനുസരിക്കാമെന്ന് സമ്മതിച്ച് 22 ദിവസത്തിനുശേഷം പുറത്തിറങ്ങിയ ശ്വേത മൂവാറ്റുപുഴയിലെ സഹോദരിയുടെ വീട്ടില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഇതോടെയാണ് പരാതി പുറം ലോകത്ത് എത്തുന്നത്. ഭര്‍ത്താവിന് ഹിന്ദു മതമൗലിക വാദികളുടെ ഭീഷണിയുണ്ടെന്നും എന്തും സംഭവിച്ചേക്കാമെന്നും പരാതിയിലുണ്ട്. ട്രസ്റ്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഹില്‍പാലസ് സി.ഐ അറിയിച്ചു.