ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച ഭാര്യ റിമാന്‍ഡില്‍; അക്രമത്തിന് ഇരയായത് മൂന്നാമത്തെ ഭര്‍ത്താവ്

single-img
25 September 2017

കുറ്റിപ്പുറം: ലോഡ്ജ് മുറിയില്‍വച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ അറസ്റ്റിലായ യുവതിയെ റിമാന്‍ഡ് ചെയ്തു. പുറത്തൂര്‍ കാവിലക്കാട് ബാവാക്കാന്റ പുരയ്ക്കല്‍ ഇര്‍ഷാദി(27)ന്റെ ഭാര്യ പെരുമ്പാവൂര്‍ സ്വദേശി ഹൈറുന്നീസ (30)യ്‌ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

വിവാഹമോചിതയും രണ്ടു കുട്ടികളുടെ മാതാവുമായ ഹൈറുന്നീസയുടെ മൂന്നാമത്തെ ഭര്‍ത്താവാണ് അക്രമത്തിന് ഇരയായ തിരൂര്‍ കാവിലക്കാട് സ്വദേശി ഇര്‍ഷാദ്. ഇര്‍ഷാദിന്റെ നാട്ടിലേക്കായിരുന്നു പെരുമ്പാവൂരില്‍നിന്ന് ഹൈറുന്നീസയെ ആദ്യം വിവാഹം ചെയ്തുകൊണ്ടുവന്നത്.

വിവാഹമോചനം നേടിയ യുവതിയുടെ മൊബൈല്‍ നമ്പറിലേക്ക് ഇര്‍ഷാദിന്റെ വിളിയെത്തിയതോടെയാണ് ഇരുവരും തമ്മില്‍ അടുപ്പം ആരംഭിക്കുന്നത്. ഹൈറുന്നീസയ്ക്ക് ഇര്‍ഷാദിനെക്കാള്‍ പ്രായക്കൂടുതലുണ്ടായിരുന്നെങ്കിലും ഇരുവരുടെയും അടുപ്പം രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതു വരെയെത്തി. ഒരു വര്‍ഷം മുമ്പ് പാലക്കാട് വെച്ചായിരുന്നു വിവാഹം. ഇത് ഇര്‍ഷാദിന്റെ വീട്ടുകാരറിഞ്ഞിരുന്നില്ല.

വിവാഹത്തിനുശേഷം വിദേശത്തേക്ക് പോയ ഇര്‍ഷാദിനെ വേറെ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. ഇര്‍ഷാദ് രണ്ടാഴ്ച മുന്‍പ് നാട്ടിലെത്തിയശേഷം വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും നടത്തി. ഇതാണ് യുവതിയെ അക്രമത്തിന് പ്രേരിപ്പിച്ചത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തിയാണു ഇര്‍ഷാദിനെ യുവതി ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയത്. വന്നില്ലെങ്കില്‍ യുവാവിന്റെ വീട്ടിലേക്കു ചെല്ലുമെന്നായിരുന്നു ഭീഷണി.

ലോഡ്ജ് മുറിയിലെത്തിയ ശേഷം ജാറത്തിലെ വെളളമാണ് എന്നു പറഞ്ഞ് ഒരു ദ്രാവകം ഇര്‍ഷാദിന് നല്‍കുകയായിരുന്നു. ഇതോടെ മയങ്ങിപ്പോയ ഇര്‍ഷാദിനെ കട്ടിലില്‍ കിടത്തിയാണു ജനനേന്ദ്രിയം മുറിച്ചത്. അതേസമയം താന്‍ സ്വയമാണു കൃത്യം നിര്‍വഹിച്ചതെന്ന ആദ്യ മൊഴി, ശസ്ത്രക്രിയക്കു ശേഷം യുവാവ് തിരുത്തുകയായിരുന്നു.

മാനഹാനി ഭയന്നും വിദേശത്തെ ജോലി നഷ്ടപ്പെടുമെന്നതിനാലുമാണു ആദ്യം പരാതി നല്‍കാതിരുന്നതെന്നും യുവാവ് മൊഴി നല്‍കി. യുവാവിന്റെ ജനനേന്ദ്രിയം 90 ശതമാനം മുറിഞ്ഞതായി ശസ്ത്രക്രിയ നടത്തിയ കോഴിക്കോട്ടെ സ്വകാരൃ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.