രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി അമിത്ഷാ: കുടുംബ വാഴ്ച കോണ്‍ഗ്രസിന്റെ പാരമ്പര്യം; ഇന്ത്യയുടേതല്ല

single-img
25 September 2017


ന്യൂഡല്‍ഹി: കുടുംബ വാഴ്ച കോണ്‍ഗ്രസിന്റെ മാത്രം പാരമ്പര്യമാണെന്നും ഇന്ത്യയുടേതല്ലെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഡല്‍ഹിയില്‍ നടക്കുന്ന ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് സമ്മേളനത്തിലാണ് അമിത് ഷാ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരൊക്കെ അവരുടെ സ്ഥാനങ്ങളിലെത്തിയത് കുടുംബവാഴ്ചയുടെ പിന്‍ബലത്തിലല്ല, മറിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചതുകൊണ്ടാണെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം കുടുംബവാഴ്ചയെന്ന് അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അഖിലേഷ് യാദവ്, എം.കെ സ്റ്റാലിന്‍ എന്നിവരെ ഉദാഹരിച്ച രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ മാത്രമല്ല സിനിമയിലും കുടുംബവാഴ്ചയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍, വിദേശ രാജ്യത്ത് ചെന്ന് ഇന്ത്യന്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്താന്‍ രാഹുലിന് ഒരു പ്രശ്‌നവും ഉണ്ടായില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ബി.ജെ.പി ഭരണത്തെക്കുറിച്ച് റെക്കോര്‍ഡുകള്‍ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ വന്‍ അഴിമതികളാണ് അരങ്ങേറിയത്.

കല്‍ക്കരി മുതല്‍ ടെലകോം വരെ നിരവധി അഴിമതി കണക്കുകള്‍ നിരത്താനുണ്ട്. എന്നാല്‍ മൂന്ന് വര്‍ഷമായി ഭരിക്കുന്ന ബി.ജെ.പിക്കെതിരെ ഒരു അഴിമതി പോലും ഉന്നയിക്കാനില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.