ഉത്തരകൊറിയയുടെ തലക്കുമീതെ യുഎസിന്റെ ബോംബര്‍ വിമാനങ്ങള്‍; രണ്ടും കല്‍പിച്ച് അമേരിക്ക

single-img
24 September 2017

വാഷിംഗ്ടണ്‍: ഉത്തരകൊറിയയുടെ തലക്കുമീതെ ബോംബര്‍ വിമാനം പറത്തി അമേരിക്ക. ഉത്തരകൊറിയയുടെ ഏതു ഭീഷണിയും നേരിടാന്‍ യുഎസ് സൈന്യം സജ്ജമാണെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് ഈ സൈനികാഭ്യാസമെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു.

അമേരിക്കയുടെ രണ്ട് ബി1 ലാന്‍സര്‍ ബോംബര്‍ വിമാനങ്ങളും വ്യോമസേനയുടെ നാലു എഫ്15 സി വിമാനങ്ങളുമാണ് ശക്തിപ്രകടനം നടത്തിയത്. യുഎസ് സൈനികാഭ്യാസം നടത്തിയതായി ഉത്തരകൊറിയ സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്നിന്റെ വാക് പോര് രൂക്ഷമായി വരുകയാണ്. അതിനിടയിലാണ് അമേരിക്ക ഉത്തരകൊറിയയുടെ തലക്കുമീതെ ബോംബര്‍ വിമാനം പറത്തിയത്. ഉത്തരകൊറിയയെ പൂര്‍ണ്ണമായും നശിപ്പിക്കുമെന്ന് ട്രംപ് യുഎന്നില്‍ അറിയിച്ചിരുന്നു.

പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന ഉത്തരകൊറിയയുടെ പ്രഖ്യാപനം കൊറിയന്‍ മുനമ്പിനെ ഒന്നാകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. നേരത്തെ ഒരു മാസത്തിനിടെ രണ്ട് തവണ ജപ്പാനു മുകളിലൂടെ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഈ മിസൈലുകള്‍ പസഫിക് സമുദ്രത്തിലാണ് പതിച്ചത്.

ഇനി അടുത്ത ലക്ഷ്യം ആണവപോര്‍മുന ഘടിപ്പിച്ച മിസൈലും ജപ്പാന് മുകളിലൂടെ വിക്ഷേപിക്കാനായിരിക്കും ഉത്തരകൊറിയയുടെ പദ്ധതിയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. മേഖലയില്‍ ഉത്തരകൊറിയയുടെ മുഖ്യഎതിരാളികളാണ് ജപ്പാനും ദക്ഷിണകൊറിയയും. ഉത്തരകൊറിയയുമായി പോരാടാന്‍ ഈ രാജ്യങ്ങള്‍ക്ക് പിന്തുണയേകുന്നത് അമേരിക്കയാണ്.