രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി പകര്‍ന്ന സംഭവത്തില്‍ ആര്‍സിസിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

single-img
24 September 2017

തിരുവനന്തപുരം: കാന്‍സര്‍ ചികിത്സയിലിരുന്ന ഒന്‍പത് വയസുകാരിയ്ക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ ആര്‍.സി.സിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ആശുപത്രി അധികൃതര്‍ ലാഘവത്തോടെയാണ് പ്രശ്‌നങ്ങളെ കാണുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. ചികിത്സയിലിരിക്കെയാണ് ഇത് സംഭവിച്ചതെന്നിരിക്കെ പ്രശ്‌നത്തെ വെറും സാങ്കേതികമായ കാരണങ്ങള്‍ നിരത്തി ലഘൂകരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

വിൻഡോ പീരിയഡി(എച്ച്.ഐ.വി. ബാധിച്ചയാള്‍ക്ക് അണുബാധ വെളിപ്പെടും മുമ്പ്)ല്‍ രക്തം സ്വീകരിച്ചതാണ് രോഗത്തിന് ഇടയാക്കിയതെന്നും ഈ സാഹചര്യത്തില്‍ വൈറസ് ബാധ കണ്ടെത്താന്‍ നിലവില്‍ സംവിധാനങ്ങളില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

എന്നാല്‍ ഈ സംവിധാനങ്ങള്‍ എന്തുകൊണ്ട് ഇതുവരെ നടപ്പിലാക്കിയില്ല എന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ചോദിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍.സി.സിയില്‍ ചികിത്സയിലിരിക്കുന്ന ഒന്‍പത് വയസുകാരി പെണ്‍കുട്ടിക്ക് എച്ച്.ഐ.വി സ്ഥിതീകരിച്ചത്.

രക്താര്‍ബുദത്തിന് ഇവിടെ ചികിത്സയിലായിരുന്ന കുട്ടിയ്ക്ക് നല്‍കപ്പെട്ട രക്തത്തില്‍ നിന്നാണ് എച്ച്.ഐ.വി പകര്‍ന്നതെന്നാരോപിച്ച് മാതാപിതാക്കള്‍ പരാതിയുമായി എത്തുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്.