മൂ​ന്നാം ഏ​ക​ദി​ന​ത്തിലും ടീം ​ഇ​ന്ത്യ​ക്ക് മി​ന്നും ജ​യം: ഓസീസിനെതിരെ ഏകദിന പരമ്പര

single-img
24 September 2017

ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തിലും ടീം ​ഇ​ന്ത്യ​ക്ക് മി​ന്നും ജ​യം. ഓസിസ് ഉയർത്തിയ 294 റൺസ് എന്ന വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 47.5 ഓവറിൽ ഇന്ത്യ മറികടന്നു. ജ​യ​ത്തോ​ടെ ഇ​ന്ത്യ 3-0 ന് ​പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി.

ഓസീസ് മുന്നോട്ടുവെച്ച 294 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരു ഘട്ടത്തില്‍ പോലും പരാജയഭീതിയില്ലാതെയാണ് കടന്നുപോയത് . രോഹിത് ശർമ്മ (71), അജിൻക്യ രഹാന (70), ഹർദിക് പാണ്ഡ്യ (78) എന്നിവരുടെ അർദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ അനായാസ വിജയം കരസ്ഥമാക്കിയത്. തുടക്കത്തിലെ തകർത്തടിച്ച് കളിച്ച ഇന്ത്യൻ ബാറ്റ്സ്മാരെ ഒരിക്കൽ പോലും സമ്മർദ്ദത്തിലാക്കാൻ ഓസിസ് ബൗളർമാർക്ക് സാധിച്ചില്ല.

മികച്ച തുടക്കം ലഭിച്ച ഇന്ത്യക്കായി ഓപ്പണിങ് വിക്കറ്റില്‍ അജിങ്ക്യ രഹാനെയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് 139 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. രോഹിതിനെ പുറത്താക്കി കോള്‍ട്ടര്‍ നെയ്‌ലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വിരാട് കോലി 28 റണ്‍സിനും കേദര്‍ ജാദവ് രണ്ട് റണ്‍സിനും പുറത്തായി.

നേരത്തെ, പരമ്പരയില്‍ ആദ്യമായി ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 293 റണ്‍സാണ് അടിച്ചെടുത്തത്. സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ചും അര്‍ധ സെഞ്ചുറിയടിച്ച സ്റ്റീവ് സ്മിത്തുമാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 125 പന്തിൽ 12 ബൗണ്ടറിയും അഞ്ചു സിക്സും ഉൾപ്പെടെ 124 റൺസെടുത്ത ഫിഞ്ച്, കരിയറിലെ എട്ടാം ഏകദിന സെഞ്ചുറിയാണ് കുറിച്ചത്.

ഓപ്പണിങ് വിക്കറ്റില്‍ തന്നെ മികച്ച തുടക്കമാണ് കംഗാരുക്കള്‍ക്ക് ലഭിച്ചത്. വാര്‍ണറും ഫിഞ്ചും ചേര്‍ന്ന കൂട്ടുകെട്ട് 13.3 ഓവറില്‍ 70 റണ്‍സ് നേടി. പിന്നീട് ഹാര്‍ദിക് പാണ്ഡ്യ 42 റണ്‍സെടുത്ത വാര്‍ണറെ പുറത്താക്കിയതോടെയാണ് ആ കൂട്ടുകെട്ട് പൊളിഞ്ഞത്. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സ്മിത്ത്, ഫിഞ്ചിന് കൂട്ടായെത്തിയതോടെ ഓസീസിന്റെ സ്‌കോര്‍ കുതിച്ചു. തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തുമൊത്ത് രണ്ടാം വിക്കറ്റിൽ ഫി‍ഞ്ച് കൂട്ടിച്ചേർത്ത 154 റൺസിന്റെ കൂട്ടുകെട്ടാണ് ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ല്. ഒരു ഘട്ടത്തിൽ 350 കടക്കുമെന്നു തോന്നിച്ച ഓസീസിനെ ഫിഞ്ചിനെയും സ്മിത്തിനെയും പുറത്താക്കിയ കുൽദീപ് യാദവിന്റെ ഇരട്ടപ്രഹരമാണ് പിടിച്ചുകെട്ടിയത്.

ഇരുവരും പുറത്തായതിനു പിന്നാലെ പിടിമുറുക്കിയ ഇന്ത്യൻ ബോളർമാർ ഓസീസിനെ 300 കടക്കുന്നതിൽനിന്ന് തടഞ്ഞു. മാക്സ്‌വെല്ലിനെ (13 പന്തിൽ അഞ്ച്) സ്റ്റംപു ചെയ്തു പുറത്താക്കി ധോണി വീണ്ടും സാന്നിധ്യമറിയിച്ചപ്പോൾ, ഹെഡ് (ആറു പന്തിൽ നാല്), ഹാൻഡ്സ്കോംബ് (ഏഴു പന്തിൽ മൂന്ന്) എന്നിവരെ ബുംറ മടക്കി. 28 പന്തിൽ 27 റണ്‍സെടുത്ത സ്റ്റോയ്നിസ് തുടർച്ചയായ രണ്ടാം മൽസരത്തിലും പുറത്താകാതെ നിന്നു. ആഷ്ടൻ ആഗർ ആറു പന്തിൽ ഒൻപതു റൺസോടെയും പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ബുംറ, കുൽദീപ് എന്നിവർ രണ്ടും പാണ്ഡ്യ, ചാഹൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

റണ്ണൊഴുകുന്ന ഇൻഡോറിലെ പിച്ചിൽ രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് ബാറ്റിങ്ങിന് ഇറങ്ങിയത്. കാർട്ട്‌റൈറ്റിനും മാത്യു വെയ്‌ഡിനും‌ം പകരം ആരോൺ ഫിഞ്ച്, ഹാൻഡ്സ്കോംപ് എന്നിവരാണ് ടീമിൽ ഇടംപിടിച്ചത്.